കോട്ടയം

മികച്ച റിപ്പോർട്ടർക്കുള്ള പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്കാരം പത്രപ്രവർത്തകൻ സുനിൽ പാലായ്ക്ക് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, September 19, 2021

മികച്ച റിപ്പോർട്ടർക്കുള്ള പത്രാധിപർ കെ. സുകുമാരൻ സ്മാരക അവാർഡ്, പത്രപ്രവർത്തകൻ സുനിൽ പാലായ്ക്ക് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ, ആർ. ബാബുരാജ്, വി.ജയകുമാർ, രാഹുൽ ചന്ദ്രശേഖർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഇതോടൊപ്പം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഡോ. എൻ. കെ. മഹാദേവൻ , ഡോ. ജി. ഹരീഷ് കുമാർ, ഡോ. സുകുമാരൻ, കെ. ഉണ്ണിക്കൃഷ്ണൻ നായർ – എസ്.ശ്രീകുമാരി ദമ്പതികൾ, ഡോ. ഗിരിജാ പ്രസാദ്, സിന്ധു .പി.നാരായണൻ, സുജിതാ വിനോദ് , രതീഷ് ബാബു, കണ്ണൻ പി.ഡി. ആർ എന്നിവരേയും ആദരിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടിൽപ്പരം വർഷങ്ങളായി മാധ്യമ രംഗത്തുള്ള സുനിൽ പാലാ ഒട്ടേറെ എക്സ്ക്ലൂസീവ് വാർത്തകൾ റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനാണ്. മാതൃഭൂമിയിലും വിവിധ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലാ നഗരസഭാ കൗൺസിൽ ഹാളിൽ പാലാ നഗരസഭയും സുനിലിനെ പൊന്നാട അണിയിച്ചാദരിച്ചിരുന്നു.

2009 മുതൽ കേരളകൗമുദിയിൽ പ്രവർത്തിക്കുന്നു. പാലാ പ്രസ്സ് ക്ലബ്ബിൻ്റെ സ്ഥാപക പ്രസിഡൻ്റായ സുനിൽ കുറച്ചു കാലം അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന സി.ഡി.കൾക്കായി പാട്ടുകളെഴുതുകയും ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതാറുണ്ട്. പാലാ രൂപതയുടെ “ദീപനാളം ” ആഴ്ചപ്പതിപ്പ്, കിഴതടിയൂർ ബാങ്കിൻ്റെ “കിസ്കോ സഫലം ” മാസിക എന്നിവയിലും
വിവിധ ഓൺലൈൻ പത്രങ്ങളിലും വിവിധ പംക്തികളും റിപ്പോർട്ടുകളുമെഴുറുണ്ട്.

പത്രാധിപർ അവാർഡ് ഉൾപ്പെടെ മാധ്യമ പ്രവർത്തനത്തിൽ 12 പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. പാലാ ഏഴാച്ചേരി തുമ്പയിൽ രാമകൃഷ്ണൻ നായർ – വിദുരമണി ദമ്പതികളുടെ മകനാണ്. അദ്ധ്യാപികയായ ശ്രീജയാണ് ഭാര്യ. മകൻ, പ്രമുഖ ബാല മജീഷ്യൻ കണ്ണൻ മോൻ എന്ന എസ്. അഭിനവ്.

×