കോട്ടയം

പൈക ആശുപത്രി മന്ദിര സമുച്ചയം നാളെ നാടിന് സമർപ്പിക്കും; പൂർത്തിയായത് കെ.എം മാണിയുടെ സ്വപ്ന പദ്ധതി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, September 22, 2021

എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്തിലെ പൈക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഇനി സ്വന്തം. മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകളിലെ രോഗികൾക്കുകൂടി ആശ്രയമായ പൈക ഗവ: ആശുപത്രിക്ക് ആധുനിക ബഹുനില കെട്ടിട സമുച്ചയമാണ് പൂർത്തിയായിരിക്കുന്നത്.

മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയുടെ ഓരത്ത് പൈകയിലാണ് പുതിയ കെട്ടിട സമുച്ചയം പണി തീർത്തിരിക്കുന്നത്. കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും ആയി 20 കോടി രൂപയാണ് മുൻ ധനകാര്യ മന്തി കെ.എം മാണി നബാര്‍ഡ് സഹായമായി ഈ ആശുപത്രിക്കായി അനുവദിച്ചിരുന്നത്.

15 കോടി കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായിട്ടും 5 കോടിയില്‍പരം രൂപ ഉപകരണ ങ്ങള്‍ക്കുമായാണ് തുക മാറ്റിവച്ചത്. ആശുപത്രി കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന പഴയ നിര്‍മ്മിതികള്‍ പൊളിച്ചു നീക്കുന്നതിന് തടസ്സവാദങ്ങള്‍ ഉയര്‍ന്നത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആദ്യം തടസ്സമായി.

നിരവധിയായ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് കെട്ടിട നിര്‍മാണ സ്ഥലത്തെ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുവാന്‍ കഴിഞ്ഞത്. ഇതുവഴിയുണ്ടായ കാലതാമസം പണികൾ സമയത്ത് തീർക്കുന്നതിനും തടസ്സമായി. നിശ്ചിത സമയത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന നബാര്‍ഡ് വ്യവസ്ഥ പാലിക്കുവാന്‍ കഴിയാതെ വന്നത് ഫണ്ട് നഷ്ടമാകുന്ന സ്ഥിതി വരെ ഉണ്ടാക്കിയിരുന്നു.

അഞ്ചു നിലകളായി നിര്‍മ്മാണം തുടങ്ങാനിരുന്ന കെട്ടിടത്തിന് നാലു നില മതിയെന്നായി പിന്നീട് തീരുമാനം. ഇതിനിടയില്‍ 2019ലെ കൊറോണ ലോക്ഡൗണില്‍ നിര്‍മ്മാണ തൊഴിലാളികളെയും കിട്ടാതായി. അന്ന്എംപിയായിരുന്ന ജോസ് കെ. മാണി ഇടപെട്ട് നബാര്‍ഡില്‍ നിന്നും പ്രത്യേകാനുമതി വാങ്ങി പൂര്‍ത്തീകരണ സമയം 2021 മാര്‍ച്ച് വരെ നീട്ടി നല്‍കി്യതിനെ തുടർന്നാണ് പിന്നീട് പണികൾ പൂർത്തിയാക്കിയത്.

ഇതോടെ പാലാ മേഖലയിലെ എല്ലാ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾക്കും നവീന കെട്ടിട സമുച്ചയങ്ങളായതായും പാലാ ജനറൽ ആശുപത്രി, രാമപുരം, ഉഴവൂർ, മരങ്ങാട്ടുപിള്ളി, മുത്തോലി ആശുപത്രികളുടെ കെട്ടിട നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നുവെന്നും സർക്കാർ ആശുപത്രികൾക്കെല്ലാം നവീന കെട്ടിട സമുച്ചയങ്ങൾ ഉള്ള ഏക നിയോജക മണ്ഡലമാണ് പാലാ എന്നും കെ.എം.മാണി ആരോഗ്യമേഖലയ്ക്ക് നൽകിയ വലിയ സംഭാവനയാണ് നിരവധി ആശുപത്രികളുടെ ആധുനിക കെട്ടിട സമുച്ചയങ്ങൾ എന്നും മുൻ എം.പി ജോസ് കെ മാണി പറഞ്ഞു.

കെ.എം മാണിയുടെ മറ്റൊരു സ്വപ്ന പദ്ധതി കൂടിയാണ് പൂർത്തിയായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം കൂടിയായിരുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.

×