/sathyam/media/post_attachments/NBUE8OfYCCH0RnUq63ll.jpg)
കടുത്തുരുത്തി: കോട്ടയം ജില്ലയിൽ അടച്ച് പൂട്ടിക്കിടക്കുന്ന കടുത്തുരുത്തി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയും ഇതിന്റെ കീഴിലുള്ള പി.എൽ.സി ഫാക്ടറിയും തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ഒരു പുനരുദ്ധാരണ പാക്കേജ് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ അറിയിച്ചു.
അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥാപനത്തിന്റെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നുള്ള എംഎൽഎ ഉന്നയിച്ച ആവശ്യം നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്ന് മന്ത്രി വിശദമാക്കി. ഫാക്ടറി ഏറ്റെടുക്കുന്നതിന് സർക്കാരിന് നിയമപരമായും സാങ്കേതികമായും തടസ്സമുണ്ടെന്ന് മന്ത്രി അറിയിച്ചു.
കടുത്തുരുത്തി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വക സ്ഥലം വിൽപ്പന നടത്തി സർക്കാർ കുടിശ്ശിക തീർക്കാനും ബാക്കി തുക കൃഷിക്കാർക്കും നിക്ഷേപകർക്കുമായി നൽകാനും ഹൈക്കോടതി അനുമതി നൽകിയെങ്കിലും ഇതിനാവശ്യമായ തുക വാല്യുവേഷനിലൂടെ ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇക്കാര്യം നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായത്.
പ്രസ്തുത സാഹചര്യത്തിൽ സംഘത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ആരംഭിക്കുന്നതിനും ഇതിനാവശ്യമായ കർമ്മ പദ്ധതി തയ്യാറാക്കാനും സർക്കാർ മുൻകൈയെടുക്കുന്നതാണ്. വസ്തു ലേലം നടത്തി പ്രശ്നം പരിഹരിക്കാൻ കഴിയാത്ത അപ്രായോഗികത സംബന്ധിച്ച് ഹൈക്കോടതിയെ അറിയിച്ച് ബോധ്യപ്പെടുത്താനും നടപടിയെടുക്കുകയാണ് ആദ്യമായി ചെയ്യാവുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആന്റ് പ്രോസസ്സിംഗ് സഹകരണ സംഘത്തിന്റെ ക്രംബ് ഫാക്ടറി പ്രവർത്തിക്കുന്നതിനായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ മാതൃകയിൽ സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് കടുത്തുരുത്തി റബർ സൊസൈറ്റിയുടെ പുനരുജ്ജീവനത്തിന് ആവശ്യമായ തുക കണ്ടെത്താൻ കഴിയുന്നതാണ്.
ഇതിന്റെ ഭാഗമായി സർക്കാർ കുടിശികകൾ അടയ്ക്കുന്നതിന് 5 വർഷത്തെ സാവകാശം തേടുന്നതിന് നടപടി സ്വീകരിക്കാൻ കഴിയും. ഇതേ തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ നിക്ഷേപകരുടെ തുക തിരികെ നൽകാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ കഴിയുമെന്ന് അഡ്വ. മോൻസ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വാസവൻ അറിയിച്ചു.
കോട്ടയം ജില്ലയിൽ ഒരു കാലഘട്ടത്തിൽ ഏറ്റവും നന്നായി പ്രവർത്തിച്ചിരുന്നതും റബ്ബർ കൃഷിക്കാരുടെ മുഖ്യ ആശ്രയവുമായിരുന്ന കടുത്തുരുത്തി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രവർത്തന രംഗത്തെ കെടുകാര്യസ്ഥത മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തതിലൂടെ പാവപ്പെട്ട കർഷക കുടുംബങ്ങളുടെ എല്ലാ പ്രതീക്ഷകളും തകർക്കപ്പെട്ടതായി മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാട്ടി.
ഡയറക്ടർ ബോർഡ് ഇല്ലാതെ വന്നതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നെങ്കിലും ഫലപ്രദമായ യാതൊരു പരിഹാര നടപടിയും ഇതുവരെ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കുക മാത്രമാണ് കരണീയമായിട്ടുള്ളതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
കടുത്തുരുത്തി റബർ സൊസൈറ്റിയിൽ 3561 അംഗങ്ങളാണുള്ളത്. 26 സംഘം ജീവനക്കാരും 70 ഫാക്ടറി തൊഴിലാളികളും 100 കളക്ഷൻ ഏജന്റ്മാരും അനാഥരായി തീരുന്ന നിർഭാഗ്യ അവസ്ഥയാണ് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പൂട്ടിയതിലൂടെ ഉണ്ടായതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. കോടിക്കണക്കിന് തുകയാണ് പാവപ്പെട്ട നിക്ഷേപകർക്കും റബർ പാൽ നൽകിയ കൃഷിക്കാർക്കും കൊടുക്കാനുള്ളത്.
കാർഷിക മേഖലയായ കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകരുടെ ഉൽപ്പന്നങ്ങൾ ചൂഷണ രഹിതമായി വിൽക്കുന്നതിനുള്ള സാഹചര്യമാണ് സംഘം പൂട്ടിയതിലൂടെ ഇല്ലാതായത്. ഇത് നാടിനും കൃഷിക്കാർക്കും വലിയ നഷ്ടമാണ് ഉണ്ടാക്കി വെച്ചത്.
13.07.2014 - ലാണ് റബർ സൊസൈറ്റി ഭരണ സമിതിയുടെ അവസാന തെരഞ്ഞെടുപ്പ് നടത്തിയത്. 20 -05- 2015-ൽ ഭരണ സമിതിയെ പിരിച്ച് വിട്ടു. 17- 07 - 2015 മുതൽ ഫാക്ടറിയുടെയും പുനരുദ്ധാരണം യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് നിയമസഭാ സമ്മേളന കാലയളവിൽ ഒരു ഉന്നതതല യോഗം സർക്കാർ വിളിച്ച് ചേർക്കാമെന്ന് മന്ത്രി വി.എൻ വാസവൻ മറുപടിയായി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us