/sathyam/media/post_attachments/Ns4xLH72KM41KnTAnrf0.jpg)
കോട്ടയം: സഹകരണബാങ്കുകളിൽ വസ്തുവിന്റെ രേഖകൾ പണയംവെച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. രണ്ട് സഹകകരണ ബാങ്കുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പാലാ ഏഴാച്ചേരി സ്വദേശി ബിജു ആണ് അറസ്റ്റിലായത്.
മോഹൻലാൽ ചിത്രം സ്ഫടികം രണ്ടാം ഭാഗം നിർമ്മിക്കാൻ പോകുന്നതായി അവകാശപ്പെട്ട് ഇയാൾ നേരത്തെ തട്ടിപ്പ് നടത്തിയിരുന്നതായും പോലീസ് വെളിപ്പെടുത്തി. നിലവിൽ ഇയാൾക്കെതിരെ പാലാ, തിടനാട്, രാമപുരം പോലീസ് സ്‌റ്റേഷനുകളിൽ കേസുണ്ട്. 16 22 ചതുരശ്ര മീറ്റർ വസ്തുവാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചത്.
2009 ഡിസംബർ രണ്ടിന് ഈ സ്ഥലം എഴാച്ചേരി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ പണയമായി ഈടുനൽകി ഇയാളും കൂട്ടാളിയും ചേർന്ന് 23.43 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പ്പ നിലനിൽക്കെയാണ് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് കോട്ടയത്തിന് കീഴിലുള്ള കൊല്ലപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ഇയാൾ ലക്ഷങ്ങൾ വായ്പ്പയെടുത്തതും.
ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന് അവകാശപ്പെട്ട് ഇയാൾ മുൻപ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെ സ്ഫടികത്തിന്റെ നിർമ്മാതാവും സംവധായകനും വാർത്ത തള്ളി എത്തിയതോടെയാണ് സോഷ്യൽ മീഡിയയിലെ ഈ ചർച്ച അവസാനിച്ചത്.