തലപ്പലം സഹകരണ ബാങ്കില്‍ കണ്ടെത്തിയത് വൻ ക്രമക്കേട് - സമഗ്ര അന്വേഷണത്തിന് ഉത്തരവ്. പ്രസിഡന്‍റിനും ഭരണസമിതി അംഗങ്ങൾക്കും ബാദ്ധ്യത കോടികൾ ! ഭരണ സമിതി അംഗം രാജിവച്ചു. ഭരണ സമിതി ഉടൻ പിരിച്ചുവിടണമെന്ന് എൽഡിഎഫ്

New Update

publive-image

പാലാ: യുഡിഎഫ് നിയന്ത്രണത്തിലുള്ള തലപ്പലം സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പും അഴിമതിയും സംബന്ധിച്ച് സഹകരണ വകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും പ്രത്യേകമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് തലപ്പലം സഹകരണ ബാങ്കിലെ വൻ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നത്.

Advertisment

ഇതേ തുടർന്ന് അംഗങ്ങൾ സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതനുസരിച്ചാണ് സഹകരണവകുപ്പ് കൂടുതൽ അന്വേഷണത്തിന് കോട്ടയം സഹകരണ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) നം. ജ. ആർ.ജി. കെടി എം. /1642 / 2021- സി.ആർ.പി. 1 ആയി 5/11/21-ൽ ഉത്തരവിട്ടത്. സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണമാണ് നടത്തുക. അന്വേഷണ വിഷയങ്ങളും ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബാങ്ക് പ്രസിഡന്റ് എം.ജെ സെബാസ്റ്റ്യൻ (സജി) ചട്ടവിരുദ്ധമായി പരിധിയിൽ കൂടുതൽ ലോണുകൾ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലെടുത്തു. സ്ഥലത്തിന് വില അധികം കാണിച്ചാണ് വിവിധ ലോണുകൾ നേടിയത്. പ്രസിഡണ്ടിൻ്റെ ജാമ്യത്തിലാണ് മറ് ഭരണസമിതിക്കാരും ബിനാമികളും വായ്പകൾ തരപ്പെടുത്തിയത്.

publive-image

publive-image

ബാങ്കിന്റെ പരിധി ലംഘിച്ച് അംഗത്വം നൽകി, തലപ്പലം പഞ്ചായത്തിന് പുറത്തുള്ള സ്ഥലങ്ങൾ അനധികൃതമായി ജാമ്യമായി സ്വീകരിച്ച് ലോണും ചിട്ടിപ്പണവും നൽകി, ഭരണസമിതി അംഗങ്ങളുടെ മക്കൾക്ക് 18 വയസ്സാകുമ്പോഴെ അംഗത്വം നൽകുകയും തിരിച്ചടവ് ശേഷി പരിശോധിക്കാതെ വായ്പ അനുവദിച്ചു.

വകുപ്പിന്റെ അനുമതിയില്ലാതെയും നബാർഡിനെ തെറ്റിദ്ധരിപ്പിച്ചും സമഗ്ര 2020 പ്രോജക്ടിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക വായ്പകൾ അനുവധിച്ചു. ജീവനക്കാരുടെ ഓവർഡ്രാഫ്ട് അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ എൻട്രി വഴി വലിയ തുകളുടെ കൈമാറ്റങ്ങൾ തുടങ്ങി 35 ൽ പരം ഗുരുതര ക്രമക്കേടുകളും ന്യൂനതകളുമാണ് പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത്. ഒരേ സ്ഥലം ഈടായി കാണിച്ചുള്ള വായ്പയിലും വൻ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ഈരാറ്റുപേട്ട സഹകരണ യൂണിറ്റ് ഇൻസ് പെക്ടർ കെ.ജെ ജാൻസിമോൾക്കാണ് അന്വേഷണ ചുമതല. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് ജോയിന്റ് രജിസ്റ്റാർക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശം.

പ്രാഥമിക അന്വേഷണത്തിൽ തന്നെ വൻ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ രേഖകളും തെളിവുകളും നശിപ്പിക്കുവാൻ ഇടയുള്ളതിനാൽ ഭരണ സമിതിയെ ഉടൻ പിരിച്ചുവിടണമെന്ന് എൽഡിഎഫ് തലപ്പലം മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ടോണി കുന്നുംപുറം, വി.കെ. മോഹനൻ, രാമചന്ദ്രൻ പര്യാത്ത് എന്നിവർ ആവശ്യപ്പെട്ടു.

പ്രസിഡണ്ടും ഏതാനും ഭരണ സമിതി അംഗങ്ങളും വിവരങ്ങൾ മറച്ചുവച്ച് കോടികൾ തട്ടിയ വിവരം കണ്ടെത്തിയതോടെ ഭരണ സമിതി അംഗമായ സുബാഷ് ജോർജ് വലിയമംഗലം രാജിവച്ചു. ബാങ്ക് പ്രസിഡണ്ടിൻ്റെ ഏകാധിപത്യവും മററ് ഭരണസമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചും നടത്തിക്കൊണ്ടിരുന്ന തിരിമറികളാണ് ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാങ്കിനെ വൻ ബാദ്ധ്യതയിലെത്തിച്ചതെന്ന് സുബാഷ് ജോർജ് പറഞ്ഞു.

Advertisment