പാലായില്‍ പ്രവാസികള്‍ തമ്മിലുള്ള 3 കോടിയുടെ വസ്തു ഇടപാട് തര്‍ക്കം അഡ്വാന്‍സ് നല്‍കിയ 10 ലക്ഷം തിരികെ വാങ്ങാനുള്ള തന്ത്രം മാത്രമാണെന്ന പരാതിയുമായി വസ്തു ഉടമ രംഗത്ത് ! തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം പൂര്‍ണമായും തെറ്റെന്ന് ഓസ്ട്രേലിയന്‍ മലയാളി !

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

പാലാ: മൂന്നു കോടിയുടെ വീടു കാണിച്ച് ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കി പ്രവാസി മലയാളി ദമ്പതികള്‍ പണം തട്ടിയെന്ന പാലാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുതിയ വഴിത്തിരിവ്.

പരാതി പൂര്‍ണമായും വ്യാജമാണെന്നും വസ്തുവിന് തുക പറഞ്ഞുറപ്പിച്ച് അഡ്വാന്‍സ് നല്‍കിയ ശേഷം പരാതിക്കാരന്‍ പറഞ്ഞുറപ്പിച്ച പണം നല്‍കി വസ്തു എഴുതി വാങ്ങാന്‍ തയാറായില്ലെന്നും വസ്തുതകള്‍ മറച്ചുവച്ച് തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ മലയാളികളായ പാലാ കടപ്ലാമറ്റം സ്വദേശി ജോജി തോമസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ജോജിയുടെ വസ്തുവും വീടും പരാതിക്കാരനായ യുഎഇ മലയാളി സന്തോഷ് വിലയ്ക്ക് വാങ്ങാന്‍ തീരുമാനിക്കുകയും 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നത്രെ. 1.70 കോടി രൂപയ്ക്കായിരുന്നു കച്ചവടം ഉറപ്പിച്ചതെന്നും എന്നാല്‍ പറഞ്ഞ സമയത്ത് പണം നല്‍കി വസ്തു എഴുതി വാങ്ങാന്‍ സന്തോഷിന് കഴിഞ്ഞില്ലെന്നും ജോജി തോമസ് പറയുന്നു.

ആധാരത്തിനു ശേഷം മാത്രമേ പണം നല്‍കൂ എന്നും കൂടാതെ ആധാരം കഴിഞ്ഞ ശേഷം 30 ലക്ഷം രൂപ നല്‍കാന്‍ സമയം അനുവദിക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടതായും ജോജി പറയുന്നു. അതിനാലാണ് കച്ചവടം മുടങ്ങിയത്.

ഇതു മൂലം നാട്ടിലെ വസ്തു വിറ്റ് ഓസ്ട്രേലിയയില്‍ വാങ്ങാന്‍ പറഞ്ഞുറപ്പിച്ചിരുന്ന വസ്തു വാങ്ങാന്‍ പറ്റാതെ വരികയും ഇതുമൂലം തനിക്കും കുടുംബത്തിനും വലിയ സാമ്പത്തിക നഷ്ടം നേരിട്ടതായും ജോജി പറയുന്നു.

വസ്തു ഇടപാടില്‍ നിന്നും പിന്മാറിയ സന്തോഷും കൂട്ടരും അഡ്വാന്‍സ് നല്‍കിയ 10 ലക്ഷം രൂപ തിരികെ വാങ്ങാനായി ഉണ്ടാക്കിയ വ്യാജ പരാതിയും പ്രചരണവും മാത്രമാണ് '3 കോടിയുടെ വീടു കാണിച്ച് തട്ടിപ്പ് നടത്തിയെന്ന' പരാതിയെന്ന് ഓസ്ട്രേലിയന്‍ മലയാളിയായ ജോജി പറയുന്നു. ഇതോടെ വസ്തു ഇടപാട് തര്‍ക്കം പ്രവാസി മലയാളികള്‍ തമ്മിലുള്ള വ്യവഹാര തര്‍ക്കമായി മാറുകയാണ്.

Advertisment