കോട്ടയം: അറുപറയിൽ നിന്ന് 2017-ൽ കാണാതായ ദമ്പതിമാർക്കായി പാറക്കുളത്തിൽ തിരച്ചിൽ. നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നത്. ദമ്പതിമാരെ കാണാതായി നാലുവർഷം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊർജിതമാക്കിയിരിക്കുന്നത്.
2017 ഏപ്രിൽ ആറിന് ഒരു ഹർത്താൽ ദിനത്തിലാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. കോട്ടയം നഗരത്തിൽ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാർ വീട്ടിൽനിന്നിറങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ രജിസ്റ്റർ ചെയ്യാത്ത കാറിലായിരുന്നു യാത്ര. എന്നാൽ പിന്നീട് ഇവർ തിരിച്ചെത്തിയില്ല. ആ പുതിയ കാറും ആരും കണ്ടില്ല. മൊബൈൽ ഫോൺ, പഴ്സ്, പാസ്പോർട്ട് എന്നിവയൊന്നും എടുക്കാതെയാണ് ഇവർ പോയത്. പിറ്റേ ദിവസം ഹാഷിമിന്റെ പിതാവ് അബ്ദുൾ ഖാദർ മകനെയും മരുമകളെയും കാണാനില്ലെന്ന് കാണിച്ച് കുമരകം പോലീസിൽ പരാതി നൽകി.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിച്ച് യാത്രാവഴി കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.