കുറഞ്ഞ നിരക്കിൽ വിശപ്പകറ്റാൻ ജനകീയ ഹോട്ടലുമായി പാലാ നഗരസഭ: ഊണ് - 20, ഇഡലി - 5

New Update

publive-image

പാലാ: പോക്കറ്റിൽ പണം കുറവാണെങ്കിലും വിഷമിക്കേണ്ട. വിശപ്പകറ്റാൻ ജനകീയ ഭക്ഷണശാലയുമായി പാലാ നഗരസഭ. വിശപ്പ് രഹിത നഗര പദ്ധതിയിൽ രണ്ടാം ജനകീയഹോട്ടലാണ് നാളെ (വ്യാഴാഴ്ച) നഗരസഭ തുറക്കുന്നത്.

Advertisment

രണ്ട് പത്ത് രൂപ നോട്ട് ഉണ്ടെങ്കിൽ വയർ നിറയെ ചോറുണ്ണാം. അതും രുചിയോടെ വിഭവസമൃദ്ധമായി. നഗരസഭാ ഓഫീസ് കോoപ്ലക്സിൽ പ്രവർത്തിച്ചിരുന്ന നഗരസഭാ ക്യാൻറീൻ ഹോട്ടലായി മാറ്റിക്കൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കുടുബശ്രീ മുഖാന്തിരമാണ് ഭക്ഷണശാലയുടെ നടത്തിപ്പ്‌. കെട്ടിട സൗകര്യം, ഫർണിച്ചർ, വൈദ്യുതി, വെള്ളം, ഇരിപ്പിട സൗകര്യം എന്നിവ നഗരസഭ നൽകും. പ്രഭാത ഭക്ഷണം ഉൾപ്പെടെ ഇവിടെ ലഭിക്കും. വൈകിട്ട് 6.30 വരെ പ്രവർത്തിക്കും. ദോശയും ഇഡലിയും അഞ്ച് രൂപയ്ക്ക് നൽകും. മാംസ, മത്സസ്യവിഭവങ്ങളും വളരെ ചുരുങ്ങിയ നിരക്കിൽ ലഭിക്കും. ചായയും കാപ്പിയും സ്നാക്സും ഇവിടെ ഉണ്ടാകും.

ജനറൽ ആശുപത്രിക്ക് സമീപം വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രഥമ ജനകീയ ഭക്ഷണശാല നൂറുകണക്കിന് നഗരവാസികളും നഗരത്തിലെത്തുന്നവരും നാളുകളായി പ്രയോജനപ്പെടുത്തി വരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് രണ്ടാം ജനകീയഹോട്ടലിന് തുടക്കമിട്ടിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. കോവിഡ് അടച്ചിടൽ ഘട്ടത്തിലും ജനകീയഹോട്ടൽ പ്രവർത്തിച്ചിരുന്നു. നാളെ രാവിലെ 10.30 ന് ഭക്ഷണശാലയുടെ ഉദ്ഘാടനം നടക്കും.

Advertisment