/sathyam/media/post_attachments/qopqyYVliqY97X9jHsCf.jpg)
പാലാ: ഉഴവൂർ, കുടക്കച്ചിറ, ചക്കാമ്പുഴ, ഏഴാച്ചേരി, വലവൂര്‍, അന്ത്യാളം, രാമപുരം ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിലുള്ള യാത്രക്കാർ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാലായ്ക്കും തിരിച്ചും യാത്രചെയ്യേണ്ടതില്ലേ ? അവധി ദിവസമാണെങ്കില്‍ പൊതുഗതാഗതത്തിനും അവധിയായിരിക്കും. അന്നേ ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടതി ല്ലെന്നായിരിക്കും അധികാരികളുടെ വയ്പ്. എന്തായാലും ഞായറാഴ്ചകളിൽ മിക്ക റൂട്ടുകളിലും പൊതുഗതാഗതമേ ഇല്ല എന്നുള്ളതാണ് വസ്തുത.
ഇതുസംബന്ധിച്ച് പാലാ ജോയിന്റ് ആര്‍ടിഒയ്ക്കും അധികൃതർക്കും എല്ലാം തുടരെ യാത്രക്കാർ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഞായറാഴ്ച പാലാ, രാമപുരം, ചക്കാമ്പുഴ റൂട്ടിലും, ഏഴാച്ചേരി റൂട്ടിലും, വലവൂര്‍-ഉഴവൂര്‍ റൂട്ടിലും ബസുകളേയില്ല. അന്ന് യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ ഓട്ടോറിക്ഷായെയോ മറ്റു ടാക്‌സി വാഹനങ്ങളെയോ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
രാമപുരം റൂട്ടിലും ഉഴവൂര്‍ റൂട്ടിലും സ്വകാര്യ സര്‍വ്വീസ് മേഖലയിലാണ് കൂടുതല്‍ ബസുകളുമുള്ളത്. ഏതാനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഒഴിച്ചാല്‍ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകളുമില്ല. ഇതാണ് യാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്.
ഈ വഴികളിലൂടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വ്വീസ് ആരംഭിച്ചപ്പോഴെല്ലാം ആ സര്‍വ്വീസുകള്‍ക്ക് മുന്നിലായി സ്വകാര്യ ബസുകള്‍ ഓടിച്ച് കെഎസ്ആര്‍ടിസിയെ ''ഓടിക്കുക'' യായിരുന്നു. ഇപ്പോഴാകട്ടെ കെഎസ്ആര്‍ടിസിയും സ്വകാര്യ സര്‍വ്വീസുകളുമില്ലാത്ത സ്ഥിതിയിലായി.
ആശുപത്രി യാത്രക്കാര്‍ക്കാണ് ഞായറാഴ്ച ബസ് മുടക്കം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുന്നത്. വലവൂര്‍, ചക്കാമ്പുഴ, ഏഴാച്ചേരി മേഖലകളില്‍ നിന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ ഓട്ടോറിക്ഷയില്‍ ഒന്നുപോയി വരണമെങ്കില്‍ ചുരുങ്ങിയത് 250 രൂപയെങ്കിലുമാകും. ഉഴവൂർ നിന്നാണെങ്കിൽ 350 രൂപയും. പാവപ്പെട്ടവരെ സംബന്ധിച്ച് ഇത് കൂനിന്‍മേല്‍ കുരു ആകുകയാണ്.
ഞായറാഴ്ച ഒഴികെ പൊതുഅവധി ദിവസങ്ങളിലും ഈ മേഖലയിലെ സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വ്വീസ് മുടക്കുകയാണ്. പ്രവര്‍ത്തി ദിവസങ്ങളിലും മൂന്ന് സര്‍വ്വീസുകള്‍ ഒറ്റസര്‍വ്വീസാക്കി ചുരുക്കിയാണ് പല സ്വകാര്യ ബസുകളും ഓടുന്നത്. വേണ്ടത്ര യാത്രക്കാർ കുറവായതിനാൽ സര്‍വ്വീസ് നഷ്ടമാണെന്നാണ് കുത്തക സ്വകാര്യബസ് ഉടമകളുടെ പരിദേവനം. ഇതോടൊപ്പം ബസ് ജീവനക്കാരുടെ ശമ്പളവും വളരെയധികം കുറച്ചിരിക്കുകയാണ്.
ഇതിനെല്ലാമെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വ്വീസ് മുടക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരുമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം മുന്നറിയിപ്പ് നല്‍കി. അവധി ദിവസങ്ങളിൽ പൊതുഗതാഗതം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അധികൃതരോട് അവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us