/sathyam/media/post_attachments/IovycGQMnnFRuAJw8gBz.jpg)
കുറവിലങ്ങാട്:കുറവിലങ്ങാട്ടെ വ്യാപകമായ മണ്ണ് ഖനനത്തിനെതിരെ ജനകീയ സമിതി രൂപീകരിച്ചു നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ രണ്ടു മാസമായി കുറവിലങ്ങാട് പഞ്ചായത്തു മേഖലയിലെ എല്ലാ പ്രദേശങ്ങളിലും അനധികൃത മണ്ണ് ഖനനനമുൾപ്പെടെ നടന്നിട്ടും സർക്കാർ സംവിധാനങ്ങൾ അനങ്ങാത്തത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ വൻതോതിൽ ഖനനം നടക്കുന്ന മുണ്ടൻവരമ്പിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിച്ചു ടോറസിന് നീക്കം ചെയ്യുകയാണ്. ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിടനിർമ്മാണത്തിനു അനുമതി വാങ്ങി അതിന്റെ മറവിലാണ് ക്രമാതീതമായി മണ്ണ് കടത്തുന്നതെന്നു ജനകീയ സമിതി ചൂണ്ടിക്കാട്ടി.
സാമൂഹ്യ സംഘടനകളായ സ്നേഹവേദി സൊസൈറ്റിയുടെയും ബാപ്പുജി സ്വാശ്രയ സംഘത്തിന്റെയും നേതൃത്വത്തിലാണ് ജനകീയ പരിസ്ഥിതി സംരക്ഷണ സമിതിക്കു രൂപം കൊടുത്തത്. തകർന്ന പള്ളിക്കവല - ഇല ക്കാട് റോഡിന്റെ ശോച്യാവസ്ഥയും ഉടൻ പരിഹരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ടിക്സൺ മണിമലത്തടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷൈജു പാവുത്തിയേൽ, ജയകുമാർ കാഞ്ഞിരവേലിൽ, ജെയിംസ് ഈഴറേറ്റ്, ബാഹുലേയൻ പുളിനിൽക്കുംതടം, ബിജു പാവുത്തിയേൽ, ബിനേഷ്‌കുമാർ പുളിനിൽക്കുംതടം, എം.വി ജോൺ കുന്നേൽ, റോബർട്ട് നടുവിലേക്കൂറ്റ്, രാജു ആശാരിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
അമിതഭാരവുമായി മണ്ണുലോറികൾ നിരന്തരമായി സഞ്ചരിച്ചു മുണ്ടൻ വരമ്പ് റോഡ് പൂർണ്ണമായും തകർന്നു. നിരോധിക്കപ്പെട്ട സമയങ്ങളിൽപോലും ടോറസുകളിൽ മണ്ണ് നീക്കുന്നതുമൂലം സ്കൂൾ കുട്ടികൾക്കടക്കം ഭീഷണിയാവുന്നുണ്ട്.
പ്രദേശമാകെ പൊടിപടലം നിറഞ്ഞു വഴിയാത്രക്കാർ ക്ലേശമനുഭവിക്കുന്നതായും ജനകീയ സമിതി പരാതിപ്പെട്ടു. കുന്നിടിച്ചു നിരത്തുന്നതുമൂലം പ്രദേശത്തു കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും, വലിയ പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാവും എന്നും യോഗം ചൂണ്ടിക്കാട്ടി.
മഴപെയ്യുമ്പോൾ പ്രദേശത്തെ മണ്ണ് കുത്തിയൊലിച്ചു പള്ളിക്കവലയിലെത്തുകയും, ഓടകൾ മണ്ണ് നിറഞ്ഞു മുമ്പുള്ളതിനേക്കാൾ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാവുമെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലർച്ചെയും വൈകിട്ടുമൊക്കെ മണ്ണെടുത്തു കടുത്ത നിയമലംഘനം കാട്ടിയിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അനങ്ങാപ്പാറനയം തുടരുന്നത് പ്രതിഷേധകരമാണെന്നു സമിതി പറഞ്ഞു. കുറവിലങ്ങാട്ടു പഞ്ചായത്തിലെ പല കുന്നുകളും രണ്ടു മാസത്തിനിടയിൽ അപ്രത്യക്ഷമായതായി സമിതി ചൂണ്ടിക്കാട്ടി.
തദ്ദേശ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും പരിസ്ഥിതി സ്നേഹികളും പരിസ്ഥിതി സംരക്ഷണത്തിനായി രംഗത്ത് വരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മണ്ണുകയറ്റി തകർന്ന റോഡ് മണ്ണുലോബിയെക്കൊണ്ട് പുനരുദ്ധാരണം നടത്തിക്കണമെന്നു പൊതുമരാമത്തു വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു.
പള്ളിക്കവല മുതൽ ഇലക്കാട് വരെയുള്ള റോഡ് യാത്രായോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇത് അടിയന്തിരമായി യാത്രായോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മണ്ണെടുപ്പുമായിബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങൾ ജില്ലാ കളക്ടറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും സമരപരിപാടികൾ ആരംഭിക്കാനും ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us