പാലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ വാർഡ് തുറന്നു. 25 പേർക്ക് കീമോതെറാപ്പി സൗകര്യം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ക്യാൻസർ ചികിത്സാ വാർഡും കീമോതെറാപ്പി വിഭാഗവും തുറന്നു. പുതിയതായി നിർമ്മിച്ച കാത്ത് ലാബ് ബ്ലോക്കിലെ രണ്ടാം നിലയിലാണ് കിടത്തിചികിത്സാ സൗകര്യത്തോടെയുള്ള വാർഡും ഡേ കെയർ കീമോതെറാപ്പി വിഭാഗവും നവീന സൗകര്യങ്ങളോടെ ആരംഭിച്ചത്.

സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളും ഐസൊലേഷൻ വിഭാഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെപ്പം ഓങ്കോളജി ഐ.സി.യു യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കിടക്കകൾക്കും കേന്ദ്രീകൃത ഓക്സിജൻ പൈപ്പ് ലൈനുകളും പാരാ മോണിറ്ററുകളും സ്ഥാപിച്ചു.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിപ്പിട സൗകര്യവും വിശ്രമസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.
ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ക്യാൻസർ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഓങ്കോളജി വിഭാഗം തലവൻ ഡോ. പി.എസ് ശബരീനാഥ് പറഞ്ഞു.

ദിവസം 25 പേർക്ക് സൗജന്യ കീമോതെറാപ്പി സൗകര്യം ലഭ്യമാകും. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ ഓങ്കോളജി വാർഡും കീമോതെറാപ്പി വിഭാഗവും ഉൽഘാടനം ചെയ്തു.

നഗരസഭാ ബജറ്റ് വിഹിതം ക്യാൻസർ വിഭാഗത്തിന് എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന് ചെയർമാൻ പറഞ്ഞു. ഇവിടേയ്ക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു.

വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പമ്പിൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജയ്സൺ മാന്തോട്ടം, ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേശ് ബാബു, കൗൺസിലർമാരായ ലീന സണ്ണി, സാവിയോ കാവുകാട്ട്, ആർ.സന്ധ്യ, ആർ.എം ഒ ഡോ.സോളി മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ അശോക് എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

പാലാ ജനറൽ ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിഭാഗത്തിൽ റേഡിയോ തെറാപ്പി ചികിത്സാ ഉപകരണം ലഭ്യമാക്കുന്നതിലേക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വിഹിതമായി കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി അഞ്ച് ലക്ഷം രൂപ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ നിക്ഷേപിച്ചതായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി അറിയിച്ചു. സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി അoഗീകരിച്ച 'ക്യാൻ കോട്ടയം ഹിറ്റ് കോട്ടയം' പ്രൊജക്ടിൻ്റെ ഭാഗമായാണ് തുക ലഭ്യമാക്കിയത്.

മററ് സൗകര്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് നിർമ്മല ജിമ്മി പറഞ്ഞു. കോട്ടയം ജില്ലയിൽ സർക്കാർ മേഖലയിലെ രണ്ടാം ക്യാൻസർ സെൻ്റ്ർ പാലായിൽ ആരംഭിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.

Advertisment