കടുത്തുരുത്തി - പിറവം റോഡില്‍ പെരുവ മുതല്‍ കടുത്തുരുത്തി വരെ ഉന്നത നിലവാരത്തില്‍ റോഡ് നവീകരണം നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 4ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും - മോന്‍സ് ജോസഫ് എംഎല്‍എ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

അറുന്നൂറ്റിമംഗലം:കടുത്തുരുത്തി - പിറവം റോഡില്‍ പെരുവ മുതല്‍ കടുത്തുരുത്തി വരെ ഉന്നത നിലവാരത്തില്‍ റോഡ് നവീകരണം നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 4, രാവിലെ 10.30 ന് അറുന്നൂറ്റിമംഗലത്തുവച്ച് ചേരുന്ന സമ്മേളനത്തില്‍ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

Advertisment

കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കടുത്തുരുത്തി മുതല്‍ പെരുവ വരെ നടപ്പാക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി.

പെരുവ മുതല്‍ പിറവം വരെയുള്ള റോഡ് വികസന പദ്ധതി ഇപ്പോള്‍ നടന്നുവരികയാണ്. ഇവിടെ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ഫണ്ടിന്റെ പ്രശ്‌നം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എംഎല്‍എ പറഞ്ഞു.

പെരുവ മുതല്‍ അറുന്നൂറ്റിമംഗലം വരെ ഏറ്റവും മോശമായ റോഡ് ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് ആദ്യംതന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെയും കരാറുകാരെയും പങ്കെടുപ്പിച്ച് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഏപ്രില്‍ 3, 4, 5 തീയതികളിലായി റോഡ് സഞ്ചാരയോഗ്യമാക്കി തീര്‍ക്കുമെന്ന് ഉദ്യോഗസ്ഥ സംഘം എംഎല്‍എയ്ക്ക് ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന് ഉന്നത നിലവാരത്തിലുള്ള ടാറിംഗ് ജോലികളും സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

മെച്ചപ്പെട്ട നിലവാരത്തിലുള്ള റോഡ് സൗകര്യവും എല്ലാ വീട്ടിലേക്കും കുടിവെള്ളം ലഭ്യമാകുന്നതുമായ സുപ്രധാന വികസന പദ്ധതികളാണ് കടുത്തുരുത്തി - പെരുവ - പിറവം റോഡിന്റെ വികസനത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.

Advertisment