ഉഴവൂർ പാലാ റൂട്ടിൽ കെഎസ്ആര്‍ടിസി ബസുകളെ നിലം തൊടീക്കാതെ പ്രൈവറ്റ് ബസുകൾ !

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂര്‍:ഉഴവൂർ പാലാ റൂട്ടിൽ കെഎസ്ആര്‍ടിസി ബസുകൾ ഓടാൻ പ്രൈവറ്റ് ബസുകൾ അനുവദിക്കുന്നില്ല എന്ന് ആക്ഷേപം. ഈ റൂട്ടിൽ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ തൊട്ടു മുന്നിൽ സമയം തെറ്റിച്ച് ഓടിയാണ് പ്രൈവറ്റ് ബസുകൾ കെഎസ്ആര്‍ടിസി സർവീസുകളെ തകർക്കാൻ ശ്രമിക്കുന്നത്.

Advertisment

കെഎസ്ആര്‍ടിസി ബസുകളുടെ മുന്നിൽ ഓടുന്നതിനായി സ്വന്തം സമയത്തെക്കാൾ 30 മിനിറ്റിൽ കൂടുതൽ നേരത്തെ പോലും ബസുകൾ ഓടിച്ച് മത്സരഓട്ടം നടത്തുകയാണ് പ്രൈവറ്റ് ബസുകൾ.

രാവിലെ 09.15 ന് ഉഴവൂരിൽ നിന്ന് പാലായ്ക്ക് പോകേണ്ട ഒരു പ്രൈവറ്റ് ബസ് 9.00 നുള്ള കെഎസ്ആര്‍ടിസി യുടെ തലയ്ക്കൽ മത്സരിച്ച് ഓടുന്നു. ഈ മത്സര ഓട്ടം നിമിത്തം ഒരു വർഷം മുമ്പ് വലവൂരിൽ വച്ച് അപകടം ഉണ്ടായതാണ്. അന്ന് നാട്ടുകാരും, പോലീസും പ്രൈവറ്റ് ബസുകാർക്ക് മുന്നറിയിപ്പ് നൽകുകയും ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് തരുകയും ചെയ്തതാണ്.

അതുപോലെ വൈകുന്നേരം 4.20 ന് പാലായിൽ നിന്ന് ഉഴവൂർ വഴി കൂത്താട്ടുകുളത്തേക്ക് പോകേണ്ട പ്രൈവറ്റ് ബസ്, 04.50 നുള്ള കെഎസ്ആര്‍ടിസിയുടെ തൊട്ടു മുന്നിൽ ഓടിക്കുന്നതും സ്ഥിരമാണ്. ഈ ട്രിപ്പിലും മത്സരഓട്ടം കാരണം പല തവണ അപകടം ഉണ്ടായതാണ്.

ക്രിസ്തുരാജ് എന്ന പേരുള്ള ഒരു കമ്പനിയുടെ ബസുകളാണ് ഉഴവൂർ പാലാ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസുകളിൽ ഭൂരിഭാഗവും എന്നതാണ് ഈ തോന്നിവാസത്തിന് കാരണമായി നാട്ടുകാർ പറയുന്നത്. എങ്ങനെ ഓടിയാലും കളക്ഷൻ സ്വന്തം കമ്പനിക്ക് തന്നെ കിട്ടും എന്നുള്ളതാണ് ഈ മത്സരഓട്ടത്തിന് മുഖ്യമായ കാരണം.

3 ബസുകളിലായി 25 ൽ അധികം ട്രിപ്പുകൾ കെഎസ്ആര്‍ടിസി ഈ റൂട്ടിൽ ഓടിച്ചിരുന്നതാണ്. ക്രിസ്തുരാജ് ബസുകളുടെ മത്സരഓട്ടം കാരണം കളക്ഷൻ കുറഞ്ഞത് നിമിത്തം കെഎസ്ആര്‍ടിസി ട്രിപ്പുകൾ ഭൂരിഭാഗവും നിർത്തേണ്ടി വന്നു. ഇപ്പോൾ വിരലിൽ എണ്ണാവുന്ന ട്രിപ്പുകൾ മാത്രമാണ് ഈ റൂട്ടിൽ ഉള്ളത്.

അതും കൂടി നിർത്തിക്കാനുള്ള ശ്രമമാണ് ഈ പ്രൈവറ്റ് ബസുകൾ നടത്തുന്നത്. അതുപോലെ, ക്രിസ്തുരാജ് ബസുകൾ ട്രിപ്പുകൾ ഇടക്ക് വച്ച് കട്ട്‌ ചെയ്യുന്നതും, ചില ട്രിപ്പുകൾ പൂർണ്ണമായും മുടക്കുന്നതും പതിവാണ്.

തന്മൂലം ഈ റൂട്ടിൽ യാത്രാക്ലേശം വളരെ കൂടുതലാണ്. ഉഴവൂർ ജോയിന്റ് ആര്‍ടിഒയ്ക്ക് പല തവണ പരാതി കൊടുത്തു എങ്കിലും അവർ യാതൊരു നടപടികളും എടുക്കുന്നില്ല എന്ന് യാത്രക്കാർ പറയുന്നു.

കെഎസ്ആര്‍ടിസി സർവീസുകളെ സംരക്ഷിക്കാനുള്ള നടപടികൾ ഇനിയെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം എന്നും പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisment