ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ! ശിക്ഷ ലഭിച്ചത് മോനിപ്പള്ളി പയസ് മൗണ്ട് ഭാഗം പൊട്ടനാനിയില്‍ ധനൂപിന്. ശിക്ഷ വിധിച്ചത് പാലാ അഡീഷണല്‍ സെഷന്‍സ് കോടതി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

മോനിപ്പള്ളി: ഇരട്ടപ്പേര് വിളിച്ചതില്‍ പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മോനിപ്പള്ളി ചേറ്റുകളം ഭാഗത്ത് വെള്ളനാട്ടു വീട്ടില്‍ 40 വയസുകാരനായ സജീവ് കുമാറിനെ കുത്തിക്കൊന്ന കേസിലെ പ്രതി മോനിപ്പള്ളി പയസ് മൗണ്ട് ഭാഗം പൊട്ടനാനിയില്‍ ധനൂപിനാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇയാളെ ശിക്ഷിച്ചത്.

Advertisment

2019 മെയ് 17 ന് രാത്രി 9 മണിക്ക് ചേറ്റുകുളത്തുള്ള ബ്രദേഴ്‌സ് ചേറ്റുകുളം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന മുറിയില്‍ വച്ചായിരുന്നു സംഭവം. ധനൂപ് സജീവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ധനൂപിനെ കൊല്ലപ്പെട്ട സജീവ് കുമാര്‍ 'നമ്പോലന്‍' എന്ന ഇരട്ടപേര് വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. അതിലുള്ള വിരോധത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

സംഭവദിവസം രാത്രി ക്ലബ്ബ് കെട്ടിടത്തിനു അടുത്തുള്ള കടയില്‍ നിന്ന് പ്രതി ഒരു പിച്ചാത്തി വാങ്ങി. പിന്നീട് ക്ലബ്ബ് കെട്ടിടത്തിനുള്ളില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന സജീവ് കുമാറിനെ പ്രതി പുറത്തേക്കു വിളിച്ചു സംസാരിച്ചു. അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പിന്നീട് ക്ലബ്ബ് മുറിയില്‍ വന്നിരുന്ന സജീവ് കുമാറിനെ പ്രതി കുറച്ചു കഴിഞ്ഞു വന്നു കത്തികൊണ്ടു ഇടതു കക്ഷത്തിനു താഴെ കുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ സജീവ് കുമാറിനെ പ്രതി കത്തിയുമായി പിന്‍തുടര്‍ന്നു. പുറകേ ഓടിച്ചെന്ന നാട്ടുകാര്‍ സജീവ് കുമാര്‍ അടുത്തുള്ള വെള്ളമില്ലാത്ത തോട്ടില്‍ വീണു കിടക്കുന്നതാണ് കണ്ടത്.

സജീവ് കുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.കെ സുരേഷ് വിധിച്ചു.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക മരിച്ചയാളിന്റെ വിധവയ്ക്കു നല്‍കണം. പ്രോസിക്യുഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി ജി വേണുഗോപാല്‍ ഹാജരായി.

Advertisment