Advertisment

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ഉഴവൂർ സെൻ്റ് സ്റ്റീഫൻ ചർച്ച് പരീഷ്ഹാളിൽ വച്ച് ഏകദിന ആരോഗ്യമേള സംഘടിപ്പിക്കും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

ഉഴവൂർ: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ഉഴവൂർ സെൻ്റ് സ്റ്റീഫൻ ചർച്ച് പരീഷ്ഹാളിൽ വച്ച് ഏകദിന ആരോഗ്യമേള സംഘടിപ്പിക്കും.

ആരോഗ്യമേഖലയിലെ മികവാർന്ന സേവനങ്ങളെയും പദ്ധതികളെയും ജനങ്ങളെ ബോധ്യപ്പെടുത്തുക, ഇതിനാവശ്യമായ ബോധവത്കരണ പരിപാടികൾ നടത്തുക, പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും നേരത്തെ കണ്ടെത്തുക, നിയന്ത്രിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ പറഞ്ഞു.

ആരോഗ്യ സംരക്ഷണത്തിനായുള്ള സമഗ്ര സേവനങ്ങൾ ലഭിക്കുന്നതിന് വിവിധ ആരോഗ്യ സ്ക്രീനിംഗുകൾ, ഹാർട്ട് അറ്റാക്ക് വന്നാൽ പ്രാഥമികമായി ചെയ്യേണ്ട രക്ഷാമാർഗ്ഗങ്ങൾ, ടെലി കൺസൾട്ടേഷൻ മുഖേന സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്ന രീതികൾ, ആയൂർവേദ, ഹോമിയോ, ദന്തല്‍ ഡോക്ടർമാരുടെ സേവനം,

പ്രമേഹം, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡക്സ് പരിശോധന, ത്വക്ക് രോഗങ്ങൾ, മലമ്പനി, പ്രാണിജന്യ രോഗങ്ങൾ, ജലജന്യരോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധ ബോധവൽക്കരണം, ഗർഭിണികൾ, അമ്മമാർ, കുട്ടികൾ എന്നിവർക്കുള്ള ആരോഗ്യ ബോധവർക്കരണവും സുരക്ഷാ പദ്ധതികളുടെ പരിചയപ്പെടുത്തൽ, ഇ - ഹെൽത്ത് സേവനങ്ങളുടെയും, ആരോഗ്യ ഇൻഷ്വറൻസിൻ്റെയും ഉപയോഗം എങ്ങനെ പ്രയോജനപ്പെടുത്താം, മീൻ, പാൽ, എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലെ മായം മനസ്സിലാക്കുന്ന രീതികളുടെ പ്രദർശനം, ആയുഷ്മാൻ ഭാരത്(കാരുണ്യ ആരോഗ്യ സുരക്ഷാ) ഇൻഷ്വറൻസ് സേവനങ്ങളുടെ പരിചയപ്പെടുത്തൽ, വനിതാ -ശിശു വികസന വകുപ്പിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന രീതികൾ എന്നിവ വിവിധ സ്റ്റാളുകളിലായി ക്രമീകരിക്കും.

ജനങ്ങളെ ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങളും, അതിജീവന ബോധവൽക്കരണം,

ആരോഗ്യ സുരക്ഷാ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ മാജിക് ഷോ, ആരോഗ്യ ക്വിസ് മത്സരങ്ങൾ എന്നിവ മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

മേളയുടെ ഭാഗമായി ജനപ്രതിനിധികൾ,ബഹുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഐ.സി.ഡി.എസ്, ആശപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനകൾ എന്നിവർ പങ്കെടുക്കുന്ന ആരോഗ്യ മേളയുടെ വിളംബര റാലിയും ജൂൺ 2 ന് രാവിലെ 9 ന് ഉഴവൂർ ടൗണിൽ നടക്കും. മേളയിൽ വിവിധ വകുപ്പുകളുടെ സേവനങ്ങൾ, ആരോഗ്യവകുപ്പിൻ്റെ സേവനങ്ങൾ എന്നിവ കൃത്യതയോട് കൂടി മനസ്സിലാക്കുവാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.

സംഘാടക സമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. രാമപുരം സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. സുകുമാരൻ കൺവീനറായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ജില്ലാ കോർഡിനേറ്റർ ഡോ. ട്വിങ്കിൾ പ്രഭാകരൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജോണിസ് പി സ്റ്റീഫൻ, ജോയി കല്ലുപുര, ബിൻസി സിറിയക്ക്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്യൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യേഗസ്ഥർ പങ്കെടുത്തു.

Advertisment