/sathyam/media/post_attachments/IkmV1PAhTO91Lyxvwq0I.jpg)
കോട്ടയം: എഴുപത്തൊന്നാം വയസിലും രോഗങ്ങളില്ല, പ്രായാധിക്യത്തിന്റെ അവശതയുമില്ല, സ്കൂളിലും കോളേജിലും ഐ.ടി മേഖലയിലും യോഗാധ്യാപകനായി നിറഞ്ഞു നിൽക്കുകയാണ് ചങ്ങനാശേരി പാറേപള്ളി പുന്നാടൻ പാക്കൽ എബ്രഹാം ജോസഫ് (ഇട്ടിരാച്ചന്‍).
കഴിഞ്ഞ ലോക യോഗാദിനത്തോടനുബന്ധിച്ച് 2000 കുട്ടികൾക്കാണ് ഇദ്ദേഹം പരിശീലനം നൽകിയത്. അമ്പതു വർഷത്തോളമായി യോഗാചാര്യനായി പ്രവർത്തിക്കുന്ന എബ്രഹാം ജോസഫ് ചങ്ങനാശേരി എസ്.ബി, അസംഷൻ കോളേജുകൾക്കു പുറമേ നിരവധി സ്കൂളുകളിലും സെമിനാരികളിലും യോഗ പഠിപ്പിക്കുന്നുണ്ട്.
ഓൺലൈനായി ഡെൻമാർക്കിലെ ഐ.ടി കമ്പനി ഉദ്യോഗസ്ഥർക്കും പരിശീലനവും നൽകുന്നു. 90 വയസിന് മുകളില്‍ പ്രായമുള്ള വയോധികരും ഇദ്ദേഹത്തിന്‍റെ കീഴില്‍ പരിശീലനം അഭ്യസിക്കുന്നുണ്ട്.
എസ്.ബി കോളേജ് പഠനകാലത്ത് എൻസിസിയിലെ മികവിൽ ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അവിടത്തെ തണുപ്പ് അസഹ്യമായിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ നിന്നു വന്ന കേഡറ്റുകൾ യോഗാ ചെയ്ത് തണുപ്പിനെ മറികടക്കുന്നതു കണ്ടാണ് യോഗയോട് താത്പര്യം തോന്നിയത്.
ഇദ്ദേഹം എന്നും പുലർച്ചെ നാലിന് എഴുന്നേറ്റ് ഒരു മണിക്കൂർ യോഗ ചെയ്യും. അഞ്ചേകാലിന് ആദ്യ യോഗ ക്ലാസ് തുടങ്ങും. നെല്ലിക്ക ഇട്ട വെള്ളം പുലർച്ചെ കുടിക്കും. പിറകേ മുളപ്പിച്ച പയർ കഴിക്കും. ഇതാണ് പ്രഭാത ഭക്ഷണം. ഒരു രോഗവുമില്ല. എടത്വ പഞ്ചായത്ത് വാര്‍ഡ് മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഞ്ചു മക്കളുണ്ട്. ഒരാൾ വൈദികനാണ് എല്ലാവരും യോഗ പഠിച്ചിട്ടുണ്ട്. മൂത്ത മകൾ സുധി തേരേസ പ്രസവം കഴിഞ്ഞു മൂന്നാം ദിവസം വീട്ടിലെത്തി യോഗ ചെയ്തിട്ടുണ്ട്. എൺപതു വയസുള്ള അമ്മ വരെ യോഗ ചെയ്യുമായിരുന്നു.
ഒരു സെമിനാരിയിലെ ധ്യാനത്തിൽ പങ്കെടുത്തപ്പോൾ മുൻമന്ത്രി പി.ജെ. ജോസഫും ഉണ്ടായിരുന്നു. പുലർച്ചെ ഞാൻ യോഗ ചെയ്യുന്നത് കണ്ട് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു.
തൊടുപുഴയിൽ പോയി ജോസഫിന്റെ മക്കളെയും യോഗ പഠിപ്പിച്ചു. "പണത്തിന് വേണ്ടി ആരെയും യോഗ പഠിപ്പിക്കുന്നില്ല. പ്രത്യേക ഫീസില്ല. ഞാൻ അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവരിലേക്കും പകരാനാണ് ശ്രമം. അരനൂറ്റാണ്ടായി അതാണ് ചെയ്യുന്നത്" അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us