/sathyam/media/post_attachments/OuGYbgp0bCqZH5R7tUht.jpg)
പാലാ: വലവൂരിൽ സ്ഥാപിതമായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ട്രിപ്പിൾ ഐ.ടി)ക്യാമ്പസിനോട് അനുബന്ധിച്ച് അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ "ഇൻഫോസിറ്റി" കൂടി സ്ഥാപിക്കുന്നതിനായിട്ടുള്ള പ്രാഥമിക സാധ്യതാ സർവ്വേയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയായതായി ജോസ് കെ മാണി എംപി പറഞ്ഞു.
ട്രിപ്പിൾ ഐ.ടി അനുകൂല ഘടകമായി. കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്ന സമയത്താണ് ഈ പദ്ധതിക്ക് അനുമതി നൽകിയത്. 2012 ൽ ഐ.ടി വകുപ്പിൻ്റെ കീഴിൽ വലവൂരിൽ ഇതിനായുള്ള ഭൂമി ഏറ്റെടുക്കലിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു.
കേരള ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാനേജിoഗ് ഡയറക്ടറുടെ ആവശ്യപ്രകാരം 2013-ൽ കോട്ടയം ജില്ലാ കളക്ടർ വള്ളിച്ചിറ വില്ലേജിലെ വലവൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങിവച്ചിരുന്നു.
പിന്നീട് തുടർ നടപടികൾ മന്ദീഭവിച്ചിരുന്ന പദ്ധതി പുനരാരംഭിക്കുവാൻ വ്യവസായ വകുപ്പു മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇപ്പോൾ "കിൻഫ്രാ" മുഖേന നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി. ട്രിപ്പിൾ ഐ.ടിയിൽ ഇതുവരെ പഠിച്ചിറങ്ങിയ മുഴുവൻ പേർക്കും ഉയർന്ന തൊഴിൽ നേടുവാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി മേഖലയിൽ തദ്ദേശീയ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാണ് നിർദ്ദിഷ്ഠ പദ്ധതി എന്ന് ജോസ് കെ.മാണി പറഞ്ഞു.
പദ്ധതിക്കായുള്ള രണ്ടാം ഘട്ട സർവ്വേയും കഴിഞ്ഞ ആഴ്ച്ച പൂർത്തിയായിട്ടുണ്ട്. കിൻഫ്രാ ഫിലിം & വീഡിയോ ഐ.ടി പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തിയാണ് ഇതിൻ്റെ മേൽനോട്ടം വഹിക്കുന്നത്. പദ്ധതി സാദ്ധ്യമായാൽ വലവൂർ മേഖല ഐ.ടി ഭൂപടത്തിൽ സ്ഥാനം പിടിക്കുകയും മിനി ടൗൺഷിപ്പായി മാറുകയും ചെയ്യും.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ. അലക്സ് കണ്ടനാട്ട് അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജൂൺ 28 -ന് കോട്ടയത്ത് തിരുനക്കരയിൽ നടത്തുന്ന വിശദീകരണ യോഗത്തിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കും.
പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം,ഫിലിപ്പ് കുഴികുളം, സാജൻ തൊടുക, നിർമ്മല ജിമ്മി, ബെന്നി തെരുവത്ത്, ഡോമിനിക് എലിപ്പുലിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us