പാലാ കെഎസ്ആര്‍ടിസിക്കു മുന്‍വശത്ത് സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയത്തിന്‍റെ നിര്‍മ്മാണത്തിനിടെ തകര്‍ന്ന അഴുക്കുചാല്‍ പൈപ്പിട്ട് മൂടാന്‍ ശ്രമം. മഴ പെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വെള്ളക്കെട്ട് പതിവായ ഇവിടെ ആറടിയിലേറെ താഴ്ചയുണ്ടായിരുന്ന തകര്‍ന്ന ഓട കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കി മൂടാന്‍ നീക്കം. ഓട തകര്‍ന്നത് കെട്ടിട നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ ഫുട് പാത്തിലൂടെ അശാസ്ത്രീയമായി കയറ്റി ഇറക്കി. പൊതുമരാമത്ത് വകുപ്പിന്‍റെ നിസംഗത തുടരുന്നു...

New Update

publive-image

പാലാ: പാലാ നഗരത്തില്‍ വെള്ളക്കെട്ട് ഏറ്റവുമധികം ഉപദ്രവം ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ സ്വകാര്യ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മ്മാണത്തിനിടെ തകര്‍ന്ന റോഡിന്‍റെ അഴുക്കുചാല്‍ അശാസ്ത്രീയമായ നിലയില്‍ മൂടുവാന്‍ ശ്രമം തുടങ്ങി.

Advertisment

ആറു മുതല്‍ 10 അടി വരെ താഴ്ചയില്‍ വെള്ളം ഒഴുക്കി വിടാന്‍ പാകത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓട തകര്‍ന്നത് നിലവില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇട്ട് നികത്തി തടിയൂരാനാണ് കെട്ടിട ഉടമയും ഉദ്യോസ്ഥരും ചില ജനപ്രതിനിധികളും ചേര്‍ന്ന് ശ്രമിക്കുന്നത്. ഈ ഭാഗത്തെ ഓടയ്ക്ക് പഴയ വിസ്താരം വീണ്ടെടുക്കാനായില്ലെങ്കില്‍ മഴക്കാലത്ത് മഹാറാണി ജംഗ്ഷനില്‍കൂടി തൊടുപുഴ ഭാഗത്തേയ്ക്കുള്ള യാത്ര വാഹനത്തിനു പകരം ബോട്ടിലാക്കേണ്ടി വരും.

publive-image

മഹാറാണി തിയറ്ററിനു സമീപത്തെ പഴയ മരിയ ഹോട്ടല്‍ പൊളിച്ചു മാറ്റി കെഎസ്ആര്‍ടിസിയുടെ എതിര്‍വശത്തായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇവിടുത്തെ ഫുട് പാത്തും ഓടയും തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് താഴ്ചയില്‍ കെട്ടി ഉയര്‍ത്തി ടൈല്‍ പാകിയ ഫുട് പാത്തോടുകൂടി നിര്‍മ്മിച്ച ഓട തകര്‍ന്നത് ഈ കെട്ടിട നിര്‍മ്മാണം വഴിയായിരുന്നു.

പഴയ കെട്ടിടം പൊളിച്ചു മാറ്റുമ്പോഴും പുതിയ കെട്ടിട സമുച്ചയം ഉയരുമ്പോള്‍ വരെയും കാര്യമായ തകരാര്‍ ഇല്ലാതിരുന്ന ഓടകള്‍ തകര്‍ന്നത് അടുത്തിടെ ഭാരം കൂടിയ ടോറസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ടൈല്‍സും മറ്റും ഇവിടെ ഇറക്കാന്‍ തുടങ്ങിയതോടെയായിരുന്നു.

publive-image

കെട്ടിട സമുച്ചയത്തിലേയ്ക്കുള്ള പ്രവേശന പാത ഉപയോഗിക്കാതെ നീളമുള്ള കെട്ടിടത്തിന്‍റെ ഓരോ ഭാഗത്തേയ്ക്കും വേണ്ട ടൈല്‍സുമായി വന്ന ഭാര ലോറികള്‍ അതാത് ഭാഗത്തെ ഫുട് പാത്തുകള്‍ തകര്‍ത്ത് കെട്ടിട ഭാഗങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശിക്കുകയായിരുന്നു.

ഓടകള്‍ക്കു മുകളില്‍ യാത്രക്കാര്‍ക്ക് കാല്‍നടയായി പോകാന്‍ മാത്രമുള്ള ബലത്തില്‍ നിര്‍മ്മിച്ച ഫുട് പാത്തിലൂടെ ടണ്‍ കണക്കിനു ലോഡുമായി ടോറസ് ഉള്‍പ്പെടെയുള്ള ഭാരവണ്ടികള്‍ കയറിയിറങ്ങിയതാണ് ഓട തകരാനിടയാക്കിയത്.

publive-image

രണ്ട് ദിവസം മുന്‍പാണ് മഴയത്ത് വെള്ളക്കെട്ടിലൂടെ ബൈക്ക് ഓടിച്ചുവന്ന യാത്രക്കാരന്‍ ഇവിടെ തുറന്ന നിലയില്‍ വെള്ളം നിറഞ്ഞു കിടന്നിരുന്ന ഈ ഓടയില്‍ വീണ് അപകടം ഉണ്ടായത്. നാട്ടുകാരും ടാക്സിക്കാരും ചേര്‍ന്നാണ് യാത്രക്കാരനെ രക്ഷപെടുത്തിയത്.

ഓട തകരുകയും മഴയത്ത് ഈ ഭാഗം വെള്ളത്തില്‍ മുങ്ങുകയും ചെയ്തതോടെ പൊതുമരാമത്ത് അധികൃതര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു.

publive-image

രാത്രിയുടെ മറവില്‍ ഓട അടയ്ക്കാന്‍ ഇറക്കിയിരിക്കുന്ന ചെറിയ പൈപ്പുകള്‍ 

പൊതുവേ താഴ്ന്ന പ്രദേശമായ ഇവിടെ ശക്തമായ മഴ പെയ്താല്‍ വെള്ളക്കെട്ട് പതിവാണ്. അതിനു പുറമേ സെന്‍റ് വിന്‍സെന്‍റ് ഭാഗത്തുനിന്നുള്ള റോഡ‍ില്‍ കൂടി ഒഴുകി വരുന്ന വെള്ളവും പുതിയ കെട്ടിട സമുച്ചയത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളവും കൂടിയാകുമ്പോള്‍ ഇത് ഒഴുക്കി വിടാന്‍ കഴിഞ്ഞില്ലെങ്കില്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. ഗതാഗതം ആദ്യം ഒറ്റവരിയാകും, പിന്നെ മുടങ്ങും.

publive-image

ആ സ്ഥിതിയിലാണ് ഇപ്പോള്‍ ഇവിടുത്തെ ആറടിക്കു മുകളില്‍ താഴ്ചയുണ്ടായിരുന്ന ഓട കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കി മൂടാനുള്ള ശ്രമം നടക്കുന്നത്. ആറടിയിലേറെ താഴ്ചയില്‍ നിര്‍മ്മിച്ച ഓടയിലൂടെ ഒഴുകിപ്പോകേണ്ട വെള്ളം ഇനി ഈ ചെറിയ പൈപ്പിന്‍ കുഴലിലൂടെ ഒഴുകുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ മുന്‍വശം വെള്ളക്കെട്ടിനടിയിലാകും.

ഈ ദുരവസ്ഥ ഒഴിവാക്കാന്‍ ഈ ഭാഗത്ത് പഴയ ഓട പുനസ്ഥാപിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം ഇപ്പോള്‍ നടക്കുന്ന ഓടയടയ്ക്കല്‍ നാടകം പാലാ നഗരത്തിനു ദുരിതമാകുമെന്നുറപ്പാണ്.

Advertisment