വലവൂർ ഗവ. യുപി സ്കൂളിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

New Update

publive-image

വലവൂര്‍:വലവൂർ ഗവ. യുപി സ്കൂളിൽ ഉന്നത് ഭാരത് അഭിയാൻ സെല്ലും (സെൻറ് തോമസ് കോളേജ് പാലാ) കരൂർ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഔഷധോദ്യാനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ആയുർവേദ ഔഷധോദ്യാനവും ശലഭോദ്യാനവും കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങിപ്പോകുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന് നിർമ്മല ജിമ്മി പറഞ്ഞു.

Advertisment

ജലജീവൻ മിഷൻ്റെ ആഭിമുഖ്യത്തിലുള്ള ജലശ്രീ ക്ലബ്ബിൻ്റെ ഉദ്ഘാടനം അതിമനോഹരമായ കവിതാലാപനത്തിൻ്റെ അകമ്പടിയോടെ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ചു ബിജു നിർവ്വഹിച്ചു.

publive-image

ജല സംരക്ഷണം, ജലസംഭരണം, ജലവിഭവ പരിപാലനം, ജല ഗുണനിലവാരം തുടങ്ങി വരുംതലമുറയുടെ ജലസാക്ഷരത ലക്ഷ്യം വെച്ചു കൊണ്ടും ജൽ ജീവൻ മിഷൻ പദ്ധതിയുടെ സ്വഭാവം, സവിശേഷതകൾ, തുടർ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങൾ പൊതുജന സമക്ഷം ബോധ്യപെടുത്തുന്നതിനും ജലശ്രീ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് മഞ്ചു ബിജു അഭിപ്രായപ്പെട്ടു.

വലവൂർ ഗവ. യുപി സ്കൂൾ സീഡ് ക്ലബ്ബ് തയ്യാറാക്കുന്ന ശലഭോദ്യാനത്തിൻ്റെ ഉദ്ഘാടനം പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജയശ്രീ കെ ഉദ്ഘാടനം ചെയ്തു. പല ഔഷധസസ്യങ്ങളെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്കറിയില്ല. ഔഷധമാണെന്ന് അറിയാമെങ്കിലും എന്തിനുള്ളതെന്നുമറിയില്ല. ആ വിടവ് നികത്താൻ വലവൂർ ഗവ. യുപി സ്കൂൾ വേദിയായതിൽ സന്തോഷമുണ്ടെന്ന് പാല ഡിഇഒ കെ. ജയശ്രീ പറഞ്ഞു.

publive-image

പ്രകൃതിയിലേക്ക് മടങ്ങേണ്ടതിൻ്റെ ആവശ്യകത പല വിധത്തിൽ പ്രകൃതി തന്നെ നമ്മെ കാണിച്ചുതരുന്നുണ്ടെങ്കിലും അതിനോടുള്ള നമ്മുടെ നിസ്സംഗതാത്മക മനോഭാവം രോഗാതുരവും ഭയാനകവുമായ ഭാവിയിലേയ്ക്കാണ് നയിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ അഭിപ്രായപ്പെട്ടു.

നാഗാർജുന ആയുർവേദിക് ഗ്രൂപ്പ് മുപ്പതിലധികം ഔഷധ സസ്യങ്ങൾ നട്ട് അവയുടെ പേരെഴുതിയ ബോർഡുകൾ സ്ഥാപിച്ചു. ഔഷധസസ്യ പ്രദർശനവും വില്പനയും ഇതോടനുബന്ധിച്ച് നടന്നു.

publive-image

കരൂർ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ, ജലജീവൻ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർഡാൻറിസ് കൂനാനിക്കൽ, നാഗാർജുന അഗ്രിക്കൾച്ചറൽ വിംഗ് മാനേജർ ബേബി ജോസഫ്, രാമപുരം എ.ഇ.ഒ ശ്രീ.ജോസഫ് കെ കെ, ഉന്നത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ ഡോ.രതീഷ് എം., ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ എന്നിവർ സംസാരിച്ചു.

publive-image

അയ്യപ്പാന, ഓരില, ഗരുഡക്കൊടി, കറ്റാർവാഴ, ഇലഞ്ഞി, ബ്രഹ്മി, പെപ്പർമിൻറ് തുളസി, നാഗദന്തി, ആര്യവേപ്പ്, ചെറൂള, മൂവില, മൈലാഞ്ചി, വയമ്പ്, ചെത്തി, അശോകം, ഉങ്ങ്, കച്ചോലം, കുമിഴ്, ചിറ്റരത്ത, കൊടുവേലി, കൂവളം, തിപ്പലി, നീർമരുത്, ചിറ്റാടലോടകം, നീലയമരി, നെല്ലി, പനിക്കൂർക്ക, പതിമുഖം, ബ്രഹ്മി, ചുവന്ന മന്ദാരം, വിളാർ മരം, ശംഖുപുഷ്പം, കറിവേപ്പ് തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടത്.

Advertisment