/sathyam/media/post_attachments/x7zuUIXL0NxPTeCxpApg.jpg)
കുറവിലങ്ങാട്: പ്രകൃതിസംരക്ഷണദിനത്തോടനുബന്ധിച്ച് പ്രകൃതിസംരക്ഷണ വാരാചരണ പ്രവർത്തനങ്ങളുമായി ബാപ്പുജി സ്വാശ്രയ സംഘം. ഭൂമിയുടെ നിലനില്‍പിനായി അമൂല്യമായ സസ്യങ്ങൾ, ജീവികൾ ഉൾപ്പെടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി ആഗോള വ്യാപകമായി പ്രകൃതി സംരക്ഷണദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ബാപ്പുജി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന പ്രകൃതി സംരക്ഷണപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.
അന്യമാകുന്ന ഔഷധച്ചെടികൾ സംരക്ഷിക്കുന്ന പദ്ധതിക്ക് അഞ്ചു സെന്റ് സ്ഥലത്തു മോഡൽ ഔഷധ ഉദ്യാനമൊരുക്കി ഇന്നു തുടക്കം കുറിച്ചു. ആദ്യ ഔഷധതൈ നട്ട് പാരമ്പര്യ ആയുർവേദ വൈദ്യൻ പോൾ കരോട്ടെക്കുന്നേൽ പദ്ധതി ഉത്ഘാടനം ചെയ്‌തു. പ്രസിഡന്റ് ജിജോ വടക്കേടം അധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘം കോർഡിനേറ്റർ ആൻസമ്മ തെക്കേപ്പാട്ടം മുഖ്യസന്ദേശം നൽകി.
ഷൈജു പാവുത്തിയേൽ, ലിജി, ജെയിംസ് ഈഴറേട്ട്, ജോർജ് മൈലള്ളുംതടം, വിഷി കല്ലടചെറിയാങ്കൽ എന്നിവർ പ്രസംഗിച്ചു. അപൂർവ്വ ഇനം ഔഷധങ്ങൾ ഉൾപ്പെടെ നൂറിലധികം തൈകൾ നട്ടു സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ബാപ്പുജി പ്രവർത്തകരുടെ വീടുകളിലും ഔഷധകൃഷികൾ ആരംഭിക്കും.
ബാപ്പുജിയുടെ പ്രവർത്തനമേഖലയിലെ പൊതുറോഡുകളിലെ പ്ലാസ്റ്റിക് മാലിന്യം ബാപ്പുജി അംഗങ്ങൾ നീക്കം ചെയ്തു പരിസ്ഥിതി സൗഹൃദ മോഡൽ റോഡുകളാക്കും. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി ഈ റോഡുകളിൽ കഴിഞ്ഞ അഞ്ചു വർഷമായി നട്ടു പരിപാലിച്ചുവരുന്ന മുപ്പതോളം വൃക്ഷങ്ങൾക്കു കൂടുതൽ പരിപാലനവും സംരക്ഷണവും ഇതോടനുബന്ധിച്ചു നടത്തും.
പദ്ധതികളോടനുബന്ധിച്ചു ഞായാറാഴ്ച പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പഠന ക്‌ളാസും സംഘം ഒരുക്കിയിട്ടുണ്ടെന്നു സെക്രട്ടറി ഷൈജു പാവുത്തിയേൽ അറിയിച്ചു. പ്രവർത്തനങ്ങൾക്കു ഭാരവാഹികളായ ബോബിച്ചൻ നിധീരി, ബെന്നി ഒറ്റക്കണ്ടം, എം.വി ജോൺ, കെ.ജെ .ജോയി, രാജു ജോർജ്, ജിബിൻബേബി, എബിൻ മാണി, കുഞ്ഞുമോൻ ഈന്തുംകുഴി എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us