കോട്ടയം: രാജ്യത്തിൻ്റെ ഫെഡറലിസത്തെ തകർക്കുന്ന നീക്കങ്ങളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന സന്ദേശമാണ് രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നിരിക്കെ ബിജെപി വിരുദ്ധ സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഭരണത്തെ ദുർബലപെടുത്താനും അട്ടിമറിക്കാനും കേന്ദ്ര ഭരണം ഉപയോഗപെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണഘടനയുടെ ആമുഖത്തിലുള്ള ജനങ്ങളെ ഒന്നായി കാണാനുള്ള വചനമുൾപ്പടെ വെല്ലുവിളി നേരിടുന്നതാണ് സമകാലിക ഇന്ത്യയുടെ സ്ഥിതിയെന്നും ജോസ് കെ മാണി പറഞ്ഞു.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിച്ച സെമിനാറിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, സണ്ണി തെക്കേടം, വിജി എം തോമസ്, യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ സിറിയക് ചാഴിക്കാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിട്ടു വൃന്ദാവൻ, അഡ്വ: ദീപക് മാമ്മൻ മത്തായി, ടോം ഇമ്മട്ടി, റോണി വലിയപറമ്പിൽ, അബേഷ് അലോഷ്യസ്, ജിജോ ജോസഫ്, സണ്ണി സ്റ്റോറിൽ, ജിഷ ഷെയിൻ, തോമസ്കുട്ടി വരിക്കയിൽ, ജോജി പി തോമസ്, അജിത സോണി, ആൽവിൻ ജോർജ്, തോമസ് ഫിലിപ്പോസ്, ബിനു ഇലവുങ്കൽ, ജോമോൻ പൊടിപാറ, എൽബി കുഞ്ചിറക്കാട്ട്, താഴേക്കാടൻ ജിത്തു, സനീഷ് ഇ റ്റി, ജോമി എബ്രഹാം, പീറ്റർ പാവറട്ടി തുടങ്ങിയവർ സംസാരിച്ചു.