/sathyam/media/post_attachments/m3YHTWoI4iPFajhA2ech.jpg)
പാലാ: ഇടമറ്റത്ത് കൂട്ടുകാര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടയില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ സാക്ഷിയായ യുവാവ് ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങി മരിച്ചനിലയില്‍. ഇടമറ്റം രാജീവ് ഗാന്ധി കോളനിയില്‍ താമസക്കാരനായ 'അപ്പ' എന്ന തോമസ് മൈക്കിളിനെയാണ് കിഴപറയാറിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പറയുന്നു. ഏതാനും ദിവസങ്ങളായി അപ്പയെ കാണാനില്ലായിരുന്നു.
ഇടമറ്റത്ത് മദ്യപിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ഇതിനിടെ ഇവരിലൊരാളുടെ കല്ലുകൊണ്ടുള്ള ഏറുകൊണ്ട് ഇടമറ്റം കുന്നുംപുറത്ത് ബിനു - 48 പരിക്കേറ്റ് ആശുപത്രിയിലാവുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിലെ സാക്ഷിയായിരുന്നു അപ്പ. മരിച്ച ബിനുവിനും പ്രതി അനീഷിനും ഒപ്പം മദ്യപിക്കാന്‍ അപ്പയുമുണ്ടായിരുന്നു.
ഒക്ടോബര്‍ 18 -നായിരുന്നു ബിനുവിന്‍റെ മരണത്തിനു കാരണമായ അക്രമം ഉണ്ടാകുന്നത്. ദിവസങ്ങള്‍ക്കു ശേഷം ബിനു മരിച്ചു. രണ്ടു ദവസത്തിനകം ബിനുവിനെ കല്ലെറിഞ്ഞ പ്രതി അനീഷിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു കേസിലെ സാക്ഷിയായിരുന്ന അപ്പയെ കാണാതാകുന്നത്. ഇയാളുടെ സംസ്കാരം ഇന്ന് ഇടമറ്റം സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ നടന്നു.
മരിച്ച ബിനുവും പ്രതി അനീഷും അപ്പയും ചേര്‍ന്ന് നടത്തിയ തടിക്കച്ചവടത്തിലെ ലാഭം വീതം വയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കല്ലേറില്‍ കലാശിച്ചതെന്ന് പറയുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us