കരൂർ പഞ്ചായത്തിനെ ജല സ്വാശ്രയമാക്കുവാൻ 56 കോടിയുടെ ജൽജീവൻ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിന്‍

New Update

publive-image

പാലാ:കരൂർ പഞ്ചായത്തിനെ ജല സ്വാശ്രയ മാക്കുന്നതിനായി വൻകിട കുടിവെള്ള വിതരണ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബ്രഹത് പദ്ധതി നടപ്പാക്കുക. ഇതിനായി 56 കോടിയുടെ അടങ്കലിനാണ് അനുമതി ലഭ്യമാക്കിയിരിക്കുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Advertisment

കരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ഉറപ്പു വരുത്താൻ കഴിയുംവിധമാണ് സമഗ്രമായ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. മീനച്ചിലാറ്റിൽ പാലാ ബിഷപ്പ് ഹൗസിന് പിൻ ഭാഗത്തായി ജല അതോറിറ്റി നിർമ്മിച്ച കിണറിൽ നിന്നും കരൂർ ഗ്രാമ പഞ്ചായത്തിലെ വലവൂരുള്ള ടിപ്പിൾ ഐറ്റിയുടെ ക്യാമ്പസിൽ കൊണ്ടുവന്ന് റീഹാബിലിറ്റേഷൻലാന്റിലെ അൻപത് സെന്റ് സ്ഥലത്ത് ജല ശുദ്ധീകരണ ശാല നിർമ്മിക്കുന്നതിനുള്ള അനുവാദവും ജലസംഭരണി നിർമ്മിക്കാനുള്ള അനുവാദവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

റവന്യൂ അധികൃതർ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. അൻപത്തി ആറു കോടി അൻപത്തിഒൻപതു ലക്ഷം രൂപ ചിലവു പ്രതീക്ഷിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നിരവധിയായ ചെറുകിട കുടിവെളള പദ്ധതികളുടെ ജലസംഭരണികളിലേക്കും വെള്ളമെത്തിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

വേനലിലെ ജലദൗർലഭ്യം പാടേ പരിഹരിക്കപ്പെടുന്നതിന് ഈ പദ്ധതി വഴി സഹായകരമാകും. കരൂർ പഞ്ചായത്ത് കമ്മിറ്റിയും എൽ.ഡി.എഫ് പ്രാദേശിക നേതൃത്വവും ജോസ്.കെ.മാണി എം.പി വഴി സമർപ്പിച്ച കരൂർ പഞ്ചായത്തിന് മാത്രമായ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.സമീപ പഞ്ചായത്തുകൾക്കായി പ്രഖ്യാപിച്ച മലങ്കര -മീനച്ചിൽ പദ്ധതിയിൽ കരൂർ പഞ്ചായത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല.

ജലനിധിയുടെ ചെറുകിട കുടിവെള്ള പദ്ധതികളെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി സമന്വയിപ്പിച്ച്‌ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി മൂന്നു കോടി രൂപയുടെ പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് സീനാ ജോൺ , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മാരായ ബെന്നി വർഗീസ് മുണ്ടത്താനം, ആനിയമ്മ ജോസ്, അഖില അനിൽ കുമാർ, വാട്ടർ അതോറിറ്റി എഞ്ചിനീയർ പോൾസൺ പീറ്റർ , പഞ്ചായത്ത് സെക്രട്ടറി കെ.ബാബുരാജ്, നിർവ്വഹണ സഹായ ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ എന്നിവർ വിശദീകരിച്ചു.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനമായ വലവൂർ ട്രിപ്പിൾ ഐ.ടിക്കും നിർദ്ദിഷ്ഠ ഇൻഫോസിറ്റിക്കും എന്നും പ്രയോജനപ്പെടുത്തുന്നതിനുകൂടി കണക്കാക്കിയാണ് കരൂർ പഞ്ചായത്തിന് മാത്രമായി ഈ വൻകിട പദ്ധതി നടപ്പാക്കുന്നതെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.

Advertisment