കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉൽസവം 27 മുതൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട് :കുറിച്ചിത്താനം പൂത്ത്യക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉൽസവം 27 മുതൽ ഡിസംബർ 4 വരെ നടത്തപ്പെടുന്നു. ഡിസം മൂന്നിനാണ് പ്രശസ്തമായ ഏകാദശി ഗുരുവായൂർ ഏകാദശി നാളിൽ തന്നെയാണ് കുറിച്ചിത്താനം ഏകാദശി എന്ന പ്രത്യേകതയും ഉണ്ട് .

Advertisment

ഗ്രഹസ്ഥാശ്രമികള്‍ക്ക് ആനന്ദ സാഗരത്തില്‍ ആറാടാന്‍ വരം അരുളുന്ന ശ്രീകൃഷ്ണ ഭഗവാന്‍റെ അപരിമേയ സാന്നിദ്ധ്യം മോക്ഷേച്ഛുക്കള്‍ക്ക് ആശ്രയ കവാടം. കുചേല സദ് ഗതിയിലെ അവിസ്മരനീയ മുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിക്കുന്ന ക്ഷേത്ര സങ്കല്‍പ്പം. ഇതൊക്കെയാണ് ഈ ക്ഷേത്രത്തിന്‍റെ ദിവ്യ പരിവേഷത്തിന് മകുടംചാര്‍ത്തുന്നത്.

അവില്‍പ്പൊതി കൈക്കലാക്കി ഭഗവാന്‍ തുടരെ രണ്ടാമത്തെ പിടിയും എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് തടയുന്ന രുഗ്മിണീ ദേവി - ഈ സങ്കല്‍പ്പം ക്ഷേത്രത്തിലെ സാന്നിദ്ധ്യ കലകളെ അനന്യമാക്കുന്നു.

അറാട്ടിനു ശേഷമാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുക. വൃശ്ഛിക മാസത്തില്‍ ഏകാദശി ദിവസമാണ് ഏകാദശി വിളക്ക് എന്ന തിരു ഉത്സവം നടക്കുന്നത്. ഇതും ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

തൊട്ടടുത്ത മണ്ണയ്ക്കാട്ട് ഗ്രാമത്തില്‍ കുടികൊള്ളുന്ന ജലാധിവാസ ഗണപതി ആ സാന്നിദ്ധ്യംകൊണ്ട് പരമപവിത്രമായ ചിറ എന്നറിയപ്പെടുന്ന ഉല്‍ക്കൃഷ്ട ജലാശയം , ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാനെ ദീപാലങ്കാരങ്ങളും നിറപറകളുമായി പാതയോരങ്ങളില്‍ എതിരേല്‍ക്കുന്ന ഭക്തജനങ്ങള്‍. ഇതിനെ തുടര്‍ന്നാണ് ആല്‍ത്തറ മേളവും ദശമി വിളക്കും.

publive-image

ഏകാദശിവിളക്ക് ഈ പ്രദേശത്ത് ആകമാനമുള്ള ഉത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. ലോകപ്രസിദ്ധമായ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന ഗുരുവായൂര്‍ ഏകാദശി അന്നാണ്.

ഈ ക്ഷേത്രം തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനു കാരണം അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഉപാസനാ വിധികളിലും നിലനില്‍ക്കുന്ന സമാനതകള്‍ കൊണ്ടാണ്. നാമജപം, പ്രസാദം ഊട്ട് എന്നിവ കാല്‍നൂറ്റാണ്ടിലേറെയായി ഇവിടെ തുടര്‍ന്നുപോരുന്നു.

അഖിലഭാരത ഭാഗവത സത്രത്തിന്‍റെ ആവിര്‍ഭാവം,യജ്ഞസമ്പ്രദായത്തിലുള്ള ഭാഗവത സപ്താഹങ്ങള്‍, സല്‍സംഗത്തിന്‍റെ ഫലം അരുളുന്ന പ്രഭാഷണ പരമ്പരകള്‍ എന്നിവ ഗുരുവായൂരില്‍ എന്നപോലെ ഇവിടേയും സനാതന ഭാവങ്ങളോടെ ക്ഷേത്രാചാരങ്ങളുമായി ഇടകലര്‍ന്നു നില്‍ക്കുന്നു.

ഉദയാസ്തമയ നാമജപം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മറ്റൊരിടത്തും ഇത് ഇല്ലെന്നുതന്നെപറയാം. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി അനുഷ്ഠിക്കുന്ന നാമജപ യജ്ഞങ്ങള്‍ ഭാഗവത സത്രത്തിന്‍റെ സന്ദേശങ്ങളെ സ്വാംശീകരിക്കുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടക്കുന്നു.

ഇതില്‍ പങ്കെടുക്കുന്ന ബാലികാ ബാലന്മാര്‍ ഭഗവാന്‍റെ വൃന്ദാവന ഭോജനത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണയെന്ന് ഉത്സവഘോഷക്കമ്മറ്റി ഭാരവാഹികളായ ബാബു നമ്പൂതിരി,സി.കെ ചന്ദ്രൻ,സാബു ആനശ്ശേരിൽ,എൻ. രാമൻനമ്പൂതിരി,വിശാൽ കുമാർ, ജയപ്രകാശ്,പി.ഡി കേശവൻ നമ്പൂതിരി,പി.പി കേശവൻ നമ്പൂതിരി എന്നിവർ അറിയിച്ചു

Advertisment