/sathyam/media/post_attachments/tk5gH1UWvnRGjFv51ozp.jpg)
രാമപുരം:കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിൽ മാസങ്ങളായി നീളുന്ന രാഷ്ട്രീയ വൈരത്തിനും പകപോക്കലിനും ഇരയായി ക്ഷീര കർഷകൻ. വീട് പണയപ്പെടുത്തി ഫാം തുടങ്ങിയ കർഷകന് കിട്ടിയത് ഒരാഴ്ചയ്ക്കകം ഫാം അടച്ചുപൂട്ടണം എന്ന പഞ്ചായത്തിന്റെ കർശന നിർദ്ദേശം.
കൊണ്ടാട് ചൂരവേലി പാടശേഖരത്തിന് സമീപമുള്ള പൊതുകിണർ എഴുപത്തഞ്ച് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന തൊഴുത്തിൽ നിന്നുള മാലിന്യം മൂലം ഉപയോഗശൂന്യമായെന്നാണ് പരാതി. ഫാം നിർത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പിന്തുണയോടെ ഒരുപറ്റം ആളുകൾ ഫാം ഉടമയെ ആഴ്ചകളായി ഭീഷണിപ്പെടുത്തുന്നു.
കിണർ, കുളം തുടങ്ങിയ ജല സ്രോതസ്സുകളിൽ നിന്ന് മാലിന്യ ടാങ്കിനും മറ്റും കുറഞ്ഞത് എട്ടുമീറ്റർ അകലം വേണമെന്നാണ് സർക്കാർ ചട്ടം. ഇവിടുത്തെ തൊഴുത്തും ദ്രവ മാലിന്യം സംസ്കരിക്കുന്ന മൂന്ന് സെപ്ടിക് ടാങ്കുകളും പ്രസ്തുത കിണറിൽ നിന്നും എഴുപത്തഞ്ച് മീറ്റർ ദൂരത്താണ്.
നിയമത്തിൽ പറയുന്നതിനേക്കാൾ പത്തിരട്ടി അകലത്തിൽ നിർമ്മിച്ചിട്ടുള്ള സുരക്ഷിതമായ സെപ്ടിക് ടാങ്കുകളിലാണ് മാലിന്യം സംസ്കരിക്കുന്നത്. മലിനജലവും ഗോമൂത്രവും മണ്ണിനടിയിലൂടെ ഹോസ് വഴി കിണറിനടുത്തേയ്ക്ക് ഒഴുക്കുന്നുവെന്ന ആരോപണം അസത്യവും ദുരുദ്ദേശ്യപരവുമാണെന്ന് കർഷകൻ ആവർത്തിച്ചു. സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അധികാരികൾക്ക് ഇത് ബോധ്യവുമാണ്.
കോവിഡ് മഹാമാരിയിൽ ജോലി ഇല്ലാതായ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനാണ് ഇവിടെ രാഷ്ട്രീയ വൈരത്തിന്റെ ഇരയായിത്തീരുന്നത്. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും സ്വരൂപിച്ച പന്ത്രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് ഒന്നരവർഷം മുമ്പ് ഫാം തുടങ്ങിയത്.
നിലവിൽ പന്ത്രണ്ട് പശുക്കളും ആറ് കിടാങ്ങളുമാണ് ഫാമിലുള്ളത്. പ്രശ്നപരിഹാരത്തിനുള്ള പഞ്ചായത്ത് നിർദ്ദേശം അനുസരിച്ച് ലക്ഷം രൂപ ചിലവിൽ ഈയിടെ ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു. എന്നാൽ ഇപ്പോൾ ഫാം പൂർണ്ണമായും നിർത്തണമെന്നാണ് ആവശ്യം.
കൃഷിക്കും വ്യവസായത്തിനും നിർല്ലോഭമായ സഹായമാണ് സർക്കാർ ഉറപ്പു നൽകുന്നത്. ഉത്തരവാദപ്പെട്ടവരെ നോക്കുകുത്തിയാക്കി രാഷ്ട്രീയ ലാഭത്തിനായി ഒരു കർഷകനെയും കുടുംബത്തെയും നിരന്തരം ദ്രോഹിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ഫാമിന്റെ സമീപവാസികൾ പറഞ്ഞു.
ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാമപുരം പഞ്ചായത്തിൽ അംഗങ്ങളെ വിലയ്ക്കു വാങ്ങലും കൂറുമാറലും അണിയറയിൽ തകൃതിയാണ്. ഫാം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവരും ഉദ്യോഗസ്ഥരും സുരക്ഷാ കൃമീകരണങ്ങളിൽ പൂർണ്ണ തൃപ്തരായിട്ടും ഒരു പഞ്ചായത്തംഗത്തിന്റെ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഒരു പറ്റം നാട്ടുകാർ പറയുന്നു.
പഞ്ചായത്തിൽ നേരത്തേ നടത്തിയ പരിശോധനയിൽ തൊണ്ണൂറു ശതമാനം ജല സ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ഗൗരവമായിക്കണ്ട് നടപടികൾ കൈക്കൊള്ളേണ്ടതിനു പകരം പരിശോധനാഫലം ഇഷ്ടമല്ലാത്തവർക്കെതിരെ ആയുധമാക്കാനാണ് അധികൃതർ മുതിരുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
പ്രശ്നം സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകാനൊരുങ്ങുകയാണ് കർഷകനായ ഈ അധ്യാപകൻ. നിയമക്കുരുക്കിൽ ജീവിതം നിലച്ചു പോയ കർഷകരും സംരഭകരുമായ നിരവധി പേരുടെ ജീവിത ദുരന്തങ്ങളാണ് ഈ കർഷകന്റെ അനുഭവം ഓർമ്മിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us