കടുത്തുരുത്തി വലിയപള്ളി മൂന്നു നോമ്പ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Update

publive-image

കടുത്തുരുത്തി:അതിപുരാതനവും പ്രമുഖ തീര്‍ത്ഥാടനകേന്ദ്രവുമായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നു നോമ്പാചരണവും മുത്തിയമ്മയുടെ ദര്‍ശനതിരുനാളും ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍ നടത്തപ്പെടുന്നു. ജനുവരി 29 ഞായറാഴ്ച തിരുനാളിന് കൊടിയേറും.

Advertisment

ജനുവരി 31 ന് വൈകുന്നേരം നടത്തപ്പെടുന്ന പ്രദക്ഷിണവും രാത്രി 9 ന് നടക്കുന്ന പുറത്തു നമസ്‌ക്കാരവും ഫെബ്രുവരി 1 ലെ തിരുനാള്‍ റാസ കുര്‍ബാനയുമാണ് പ്രധാന ചടങ്ങുകള്‍. ജനുവരി 30 ന് വൈകുന്നേരം 7 ന് മുത്തിയമ്മയുടെ തിരുസ്വരൂപം ആഘോഷമായി എഴുന്നള്ളിച്ച് ദര്‍ശന സമൂഹാംഗങ്ങളുടെ അകമ്പടിയോടെ മെഴുകുതിരി പ്രദക്ഷിണമായി കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ പ്രതിഷ്ഠിക്കും.

31-ാം തീയതി വൈകുന്നേരം 7 വരെ ലൂർദ്ദ് ഗ്രോട്ടോയിൽ വച്ച് മുത്തിയമ്മയെ വണങ്ങുന്നതിനുള്ള സൗകര്യം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കും. അന്ന് വൈകുന്നേരം 7 മണിക്ക് മുത്തിയമ്മയുടെ തിരുസ്വരൂപം നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ പ്രദക്ഷിണമായി വലിയപള്ളി അങ്കണത്തിലുള്ള ചരിത്രപ്രസിദ്ധമായ കല്‍ക്കുരിശിന്‍ ചുവട്ടില്‍ പ്രതിഷ്ഠിക്കും.

ബിഷപ്പുമാർ പങ്കെടുക്കും

ജനുവരി 31 ന് രാത്രി 8.30 ന് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി ചരിത്രപ്രസിദ്ധമായ കല്‍ക്കുരിശിന്‍ ചുവട്ടില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പുറത്തു നമസ്‌ക്കാരം നടത്തപ്പെടും.

കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഫെബ്രുവരി 1 ന് രാവിലെ 7 മണിക്ക് ഗീവര്‍ഗീസ് മാര്‍ അപ്രേം മലങ്കര റീത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും.

സുറിയാനി പാട്ടുകുര്‍ബാന

ജനുവരി 31-ാം തീയതി രാവിലെ 7 30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍ സുറിയാനി പാട്ടുകുര്‍ബാന അര്‍പ്പിക്കും.

ഉദ്യോഗതല മീറ്റിംഗ് ജനുവരി 20 ന് വെള്ളിയാഴ്ച

മൂന്നു നോമ്പ് തിരുനാൾ ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം 20-ാം തിയതി വെള്ളിയാഴ്ച കടുത്തുരുത്തി എം.എൽ.എ ശ്രി. മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടക്കും.

ഫെറോന വികാരി ഫാ. അബ്രഹാം പറമ്പേട്ട് കൈക്കാരന്മാരായ സാബു മുണ്ടകപറമ്പില്‍, അലക്‌സ് മടുക്കക്കുഴിയില്‍, പിലിപ്പ് കീഴങ്ങാട്ട് എന്നിവര്‍ വിവിധ കമ്മറ്റികളുടെ സഹകരണത്തോടെ തിരുനാള്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

Advertisment