/sathyam/media/post_attachments/cYvaUbogZtso3zOTgRhe.jpg)
പാലാ: നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന് അവസരം നഷ്ടമായതിനു പിന്നില്‍ കേരള കോണ്‍ഗ്രസിന്‍റെ വിയോജിപ്പു മാത്രമല്ല കാരണമെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസും മറ്റ് ചില കേന്ദ്രങ്ങളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലുള്ള ഇന്‍റലിജന്‍സ് അന്വേഷണ റിപ്പോര്‍ട്ടും ബിനു പുളിക്കക്കണ്ടത്തിനെതിരായിരുന്നുവെന്നാണ് സൂചന.
ബിനു പുളിക്കക്കണ്ടത്തിലിനെ സിപിഎം നേതൃത്വം നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിയോഗിക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് - എം പ്രാദേശിക ഘടകം ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇത് ശരിയാണോയെന്നറിയാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ ഇന്‍റലിജന്‍സ് അന്വേഷണത്തിലാണ് ബിനുവിനെതിരായ ഗൗരവതരമായ കണ്ടെത്തലുകളുള്ളത്.
ഘടകകക്ഷി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് - എം ബിനുവിനെതിരെ നല്‍കിയ പരാതികള്‍ ശരിയായിരുന്നോ എന്നറിയാന്‍ മുന്നണി നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുള്ളതായാണ് റിപ്പോര്‍ട്ട്.
നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിലും സിപിഎം വിരുദ്ധകേന്ദ്രങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും കമ്മ്യൂണിസ്റ്റ് ശൈലിക്കു ചേരാത്ത ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പാലായിലെ ചില മുന്‍ വ്യവസായികളുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവരുടെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായും പറയുന്നു. ഇത്തരത്തിലുണ്ടായ ചില പരാതികളുടെ അടിസ്ഥാനത്തിൽ പാലായില്‍ ബ്ലേഡ് മാഫിയക്കെതിരെയുള്ള ഓപ്പറേഷന്‍ ശക്തമാക്കാനും തീരുമാനമുള്ളതായി അറിയുന്നു.
/sathyam/media/post_attachments/rMmBnVYTTdHtZuwgpuYl.jpg)
നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സിപിഎം കൗണ്‍സിലര്‍മാരും ചില നേതാക്കളും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ബിനു പുളിക്കക്കണ്ടത്തിലിനെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയത്.
ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ശരിയാണെന്ന് കാര്യകാരണ സഹിതം സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.
അതുപ്രകാരം ജില്ലാ ഘടകം പ്രശ്നത്തില്‍ ഇടപെടുകയും നഗരസഭാ ചെയര്‍മാനെ തീരുമാനിക്കുന്നതില്‍ പാലാ ഏരിയാ കമ്മറ്റിക്കുമേല്‍ ജില്ലാ നേതൃത്വത്തിന്‍റെ നിയന്ത്രണം ഉണ്ടാവുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു.
ജില്ലാ ഘടകവും ഏരിയാ കമ്മറ്റിയും ബിനുവിനെ ചെയര്‍മാനാക്കുന്നതിനെതിരായ നിലപാടിലായിരുന്നു. ലോക്കല്‍ കമ്മിറ്റി ബിനുവിന് അനുകൂലവുമായിരുന്നു. മറിച്ചുണ്ടായതൊക്കെ ചില കേന്ദ്രങ്ങള്‍ പടച്ചുവിട്ട മാധ്യമ വാര്‍ത്തകൾ മാത്രമായിരുന്നു.
എന്നാല്‍ ഇതിനുശേഷവും ജില്ലയിലെ ഒരു പ്രധാന നേതാവ് ബിനുവിന് അനുകൂലമായി രംഗത്തു വരികയും ഇടപെടല്‍ നടത്തുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് വിലയിരുത്തല്‍. ഇദ്ദേഹത്തിന്‍റെ പാലായിലെ ഇടപെടലുകളില്‍ കേരള കോണ്‍ഗ്രസിന് നേരത്തേതന്നെ ചില പരാതികള്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലും വോട്ടുബാങ്കുള്ള കേരള കോണ്‍ഗ്രസിനെ പിണക്കരുതെന്ന കർശന നിര്‍ദേശമുണ്ടായിരുന്നിട്ടും ചില നേതാക്കളുടെ ഇടപെടല്‍ പാലായിൽ കാര്യമായ കോട്ടം വരുത്തിയതായാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതിന്മേല്‍ പാര്‍ട്ടി അന്വേഷണവും നടപടിയും ഉണ്ടാകാനാണ് സാധ്യത.
അതേസമയം ബിനു പുളിക്കക്കണ്ടത്തിലിനെ ചെയര്‍മാനാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന കേരള കോണ്‍ഗ്രസ്-എം വാദവും ശരിയല്ലെന്ന് വ്യക്തമായി. ഇവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇന്‍റലിജന്‍സ് അന്വേഷണം നടന്നതെന്നതിനാല്‍ കേരള കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങളില്‍ കഴമ്പില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us