കഴിഞ്ഞവര്‍ഷം കൊയ്ത്ത് ഉത്സവം നടത്തിയ നെല്‍പ്പാടം ഈ വര്‍ഷം കമുക് തോട്ടം..!!

New Update

publive-image

മരങ്ങാട്ടുപിള്ളി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21-ന് വിപുലമായി കൊയ്ത്തു് ഉത്സവം കൊണ്ടാടിയ ഒന്നാംതരം നെല്‍പാടം ഒരു വര്‍ഷം തികയുംമുമ്പേ കൂനകൂട്ടി `കമുകിന്‍ തോപ്പാ'യി രൂപമാറ്റം വന്ന കൗതുക കാഴ്ച മരങ്ങാട്ടുപിള്ളിയില്‍ അരങ്ങേറി. മരങ്ങാട്ടുപിള്ളി ടൗണില്‍ നിന്ന് നോക്കെത്തും ദൂരത്ത് വാത്താനത്തേല്‍ സാബു ജോസഫിന്‍റെ നെല്‍പ്പാടമാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഈ രൂപമാറ്റം.

Advertisment

publive-image

തരിശുനിലങ്ങള്‍ ഉള്‍പ്പടെ പരമാവധി സ്ഥലങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ പഞ്ചായത്തിന്‍റെയും കൃഷിവകുപ്പിന്‍റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തില്‍ മാതൃകാപരമായ ശ്രമങ്ങള്‍ തുടര്‍ച്ചയായി നടത്തി വരുന്നതിനിടയിലാണ്, അത്തരം നടപടികള്‍ക്ക് തുരങ്കം വച്ചുകൊണ്ടുള്ള നീക്കങ്ങള്‍ ചില വ്യക്തികള്‍ നടത്തുന്നത്.

ഇതുമൂലം തൊട്ട് താഴെയും മുകളിലുമുള്ള വിശാലമായ പാടശേഖരങ്ങളിലും നീരൊഴുക്കു തടസ്സം കാരണം തുടര്‍ന്ന് നെല്‍കൃഷി ചെയ്യാനാവാതെ പ്രതിസന്ധിയിലാവും. ഇലയ്ക്കാട് വില്ലേജില്‍ ബ്ളോക്ക് 13-ല്‍ 62/4 എന്ന സര്‍വ്വേ നബരിൽ പെട്ടതും ഡേറ്റാ ബാങ്ക് രേഖകളില്‍ ഉള്‍പ്പെട്ടതുമായ നെല്‍കൃഷി യോഗ്യമായ ഈ നിലത്തില്‍ നിയമവിരുദ്ധമായി നടത്തിയിട്ടുള്ള രൂപമാറ്റത്തിനെതിരായി ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് ആര്‍.ഡി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതായി അറിയുന്നു.

പക്ഷേ, ഇതേവരെ നടപടി ഉണ്ടായിട്ടില്ല. വിവിധയിടങ്ങളില്‍ നടത്തിയിട്ടുള്ള വസ്തുക്കളുടെ ഇത്തരം രൂപമാറ്റം സംബന്ധിച്ച പരിശോധനകള്‍ക്കായി വിജിലന്‍സ് സംഘം കഴിഞ്ഞദിവസം മരങ്ങാട്ടുപിള്ളിയില്‍ സന്ദര്‍ശിച്ചിരുന്നു.

Advertisment