Advertisment

പൂക്കളും പൂമ്പാറ്റകളും സ്വാഗതം ചെയ്യുന്ന പാതയോരങ്ങൾ. കറുത്ത പാറക്കെട്ടുകളെ തഴുകിത്തലോടി കാട്ടുചോലകളോട് കുശലം പറഞ്ഞ് വെള്ളിക്കൊലുസ് കിലുക്കി ഒഴുകുന്ന കാട്ടരുവി. തോട്ടരികിൽ പച്ചിലമാളിക തീർത്ത് മരപ്രഭുക്കൾ, നഷ്ടപ്പെട്ട ഹരിതസാമ്രാജ്യത്തിന്റെ ആഢ്യത്തം ഉയർത്തി നിൽക്കുന്നു. ഈ ഗ്രാമ്യഭംഗിയുടെ വശ്യചാരുത നുകരാൻ പോരൂ കോട്ടയം കൂരോപ്പടയിലെ ചാത്തൻപാറയിലേയ്ക്ക്...

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോട്ടയം: ചില നിർമ്മിതികൾ അങ്ങനെയാണ്, പ്രൗഢഗംഭീരമാക്കും അല്ലെങ്കിൽ സുന്ദര സുരഭിലയാക്കും. ചാത്തൻ പാറയെ സുന്ദര സുരഭിലയാക്കിയത് അങ്ങനെ ഒരു നിർമ്മാണ നിർവ്വഹണം ആയിരുന്നു.

ഒരു സാധാരണ ഗ്രാമത്തിലെ അപ്രധാനമായ ഉൾപ്രദേശമായിരുന്നു ചാത്തൻപാറ. ചാത്തൻപാറയെന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ പേടിപ്പെടുത്തുന്ന ചിന്തകൾ കടന്നുവരുന്നുണ്ടാകാം.

ചാത്തൻപാറയുടെ മേക്കോവർ

ചാത്തനെന്ന മുർത്തിയുമായി ബന്ധപ്പെട്ട ഭീതിയുണർത്തുന്ന കഥകൾ നൂറ്റാണ്ടുകൾക്കപ്പുറം ആരോ മെനഞ്ഞിട്ടുണ്ടാകാം. നാട്ടുകഥകളിലും മറ്റും ചാത്തന്റെ കഥകൾ അറിയാവുന്നവരും കേട്ടവരും ഏറ്റ്പറയുന്നവരും ഒരു പക്ഷേ ഇവിടെ ഉണ്ടായിരുന്നിരിയ്ക്കാം.

നാട്ടുവാഴ്ചയുടെ കുതിരക്കുളമ്പടി ശബ്ദവും വാൾത്തലപ്പിന്റെ മിന്നലും കേട്ടവരും കണ്ടവരും കഥപറയാനിവിടെ ഇനി അവശേഷിയ്ക്കുന്നില്ലല്ലോ എന്നോർത്ത് പൂക്കൈത തോട്ടരികിൽ തളർന്ന് നിൽക്കുന്നു.

publive-image

തലമുറകൾ കൊഴിഞ്ഞു കൊഴിഞ്ഞു പോകവേ, കഥകളേറ്റുപാടാനിനി ഈ വഴിയാരും വരവുണ്ടാവില്ലന്ന് മാമ്പൂക്കൾക്കിടയിൽ മറഞ്ഞിരുന്ന് പൂങ്കുയിൽ പാടിപ്പറഞ്ഞത് കേട്ട് പൂക്കൈത നെടുവീർപ്പിട്ടു.

പാറക്കെട്ടുകൾ നിറഞ്ഞ തോട് ഏതോ ഭൂതകാല കഥകൾ അയവിറക്കുന്നുണ്ടാകാം. കുഞ്ഞിളം കാറ്റ്, തോട്ടിൽ കുളികഴിഞ്ഞ് ഈറൻ മുടിയിഴകൾ മെല്ലെമെല്ലെ വീശിയുണക്കുമ്പോൾ നനവാർന്ന ചുണ്ടുകളിൽ നാടൻ പാട്ടിൻ ശീലുകൾ ഉതിർന്നുവോ. ഇവിടെ നിൽക്കുമ്പോൾ, ആസ്വാദകമനസ്സിലേയ്ക്ക് ഇത്തരം സൗന്ദര്യലഹരികൾ മത്തുപിടിപ്പിച്ചേക്കാം.

ചാത്തൻപാറയുടെ മേക്കോവർ നടന്നത് പെട്ടെന്ന്, അപ്രതീക്ഷിതമായിട്ട് ആയിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ, കണിപറമ്പ് ജംഗ്ഷനിലെ തുളുമ്പൻമാക്കൽ റബ്ബർ നഴ്സറിയുടെ ഓരം ചേർന്ന്, പന്നഗംതോടിനരികിലൂടെ മൂങ്ങാക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോകുന്ന എഴുപത്തി അഞ്ച് വർഷത്തെ പഴക്കമുള്ള പഴയ റോഡ് വീതികൂട്ടി, ബിഎംബിസി ടാറിംഗ് ചെയ്ത് മനോഹരമാക്കി. തോട്ടീണ്ടി* കരിങ്കല്ല് കെട്ടി റോഡ് ബലപ്പെടുത്തി. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ ചാത്തൻപാറയുടെ കെട്ടും മട്ടും രൂപവും ഭാവവും ഒക്കെ മാറി.

ചാത്തൻ പാറയിൽ നിന്നും പന്നഗം തോട് അക്കരെ ഇക്കരെ കടക്കാൻ കൂവപ്പൊയ്ക - മൂഴൂർ റോഡിൽ നിന്ന് പണ്ട് ഉണ്ടായിരുന്ന ഒറ്റത്തടിപ്പാലത്തിന് പകരം വീതിയേറിയ കോൺക്രീറ്റ് പാലം നേരത്തെ തന്നെ നിർമ്മിച്ചിരുന്നു. ഇരുറോഡുൾക്കും മദ്ധ്യേ പാലവും വന്നപ്പോൾ ഇംഗ്ലീഷ് അക്ഷരമായ "H" ന്റെ ആകൃതി തോന്നും.

publive-image

പള്ളിയ്ക്കത്തോട് - കൂരോപ്പട റോഡിൽ, കൂവപ്പൊയ്കയിൽ നിന്നും മൂഴൂർക്ക് പോകുന്ന റോഡിലൂടെ അരകിലോമീറ്റർ ചെന്നാൽ ചാത്തൻപാറയിലെത്താം. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ഇതുവഴി ഒരു ബസ്സ് സർവ്വീസ് നടത്തിയിരുന്നു. ചങ്ങനാശ്ശേരി - പാലാ ആയി ഓടിയിരുന്ന സിഎംഎസ് ബസ്സ് ഈ പ്രദേശത്ത് ഉള്ളവരുടെ അഭിമാനം ആയിരുന്നു.

ചാത്തൻപാറ സുന്ദരിയാകുന്നു

റബ്ബർ തോട്ടങ്ങളും, റബ്ബർ നഴ്സറികളും ഉള്ള ചാത്തൻപാറയെ കൂടുതൽ ദൃശ്യമനോഹരമാക്കിയത് ഈ പ്രദേശത്തെ കുറച്ച് ആളുകളുടെ സൗന്ദര്യ ബോധമായിരുന്നു. ഇന്ന് അതുവഴി കടന്നുപോകുന്ന സഞ്ചാരികളുടെ മനസ്സിനെ അവിടെ അൽപസമയം പിടിച്ചു നിർത്തുന്നതിന് പിന്നിൽ ഇവരുടെ നിരന്തരമായ പ്രവർത്തനസാന്നിദ്ധ്യം ആണ്.

കൂവപ്പൊയ്ക - മൂഴൂർ റോഡിന്റെയും കണിപറമ്പ് - മൂങ്ങാക്കുഴി റോഡിന്റെയും വശങ്ങളിൽ നിരനിരയായി അവർ പൂച്ചെടികൾ നട്ട്, നനച്ച് വളർത്തി. പൂച്ചെടികൾ പുഷ്പിണികളായി. പലനിറങ്ങളിൽ, വിവിധ ഭാവങ്ങളിൽ പൂവുകൾ ചിരിതൂകി. കാറ്റിലിളകിയാടിയ ചെടികളെയും പൂക്കളെയും കുറിച്ച്, കാറ്റ് പറഞ്ഞ് അറിഞ്ഞ് ഏതാനും പൂമ്പാറ്റകളും വണ്ടത്താൻമാരും ആദ്യം വിരുന്നു വന്നു.

ആതിഥേയരുടെ മധുര വിരുന്നിൽ മത്തുപിടിച്ചുപോയ പൂമ്പാറ്റകൾ മറ്റ് പൂമ്പാറ്റകളോട് വിശേഷങ്ങൾ പങ്കിട്ടു. പിന്നെ കാറ്റിൻ ചിറകിൽ കയറി ഒരു പറക്കലായിരുന്നു പൂമ്പാറ്റക്കൂട്ടങ്ങൾ ചാത്തൻപാറയിലേയ്ക്ക്.

publive-image

ചെറുതും വലുതുമായ തേനീച്ചകൾ പൂമ്പൊടി, സഞ്ചികളിൽ വാരി നിറച്ച് പറന്ന് രാജധാനിയിൽ മഹാറാണിയ്ക്ക് തിരുമുൽകാഴ്ച വെച്ച്, തിരികെ പറന്ന് വന്ന് വീണ്ടും പൂമ്പൊടി വാരി നിറയ്ക്കുന്നു.

വണ്ടത്താൻമാർ മൂളിപ്പറന്ന് വന്ന് പൂച്ചെടികളിലണഞ്ഞു. പൂമ്പാറ്റകളുടെ പുറകെ വന്ന തേൻകുരുവികൾ പൂച്ചെടികൾക്കിടയിൽ കൂടുകൂട്ടി താമസവും തുടങ്ങി.

വൈകുന്നേരങ്ങളിൽ തുമ്പിതുള്ളുന്ന തുമ്പികളുടെ നേരിയ മൂളലുകൾക്ക് കാതോർക്കാം.

കിളികൾ കലപില കൂട്ടി ആർത്ത്ചിരിച്ച് പൂക്കളെ തൊട്ടുരുമ്മി കളിയ്ക്കുന്നത് കാണാം. കുരുവികളിൽ ചിലർ പന്നഗം തോടിന്റെ കുളിരിൽ മുങ്ങിക്കുളിച്ച് രസിയ്ക്കുന്നതും കാണാം. പറക്കുന്ന പൂവുകളായി പൂമ്പാറ്റകൾ . കാറ്റ്, പൂവുകൾ പകർന്ന പരിമളം പങ്കുവെച്ചു.

ചാത്തൻപാറയുടെ വശീകരണം

ഓ...ഇതെന്നാ കാണാനാ.. എന്ന തോന്നൽ വേണ്ട. ചുമ്മാ.. വെറുതെ സമയം കളഞ്ഞു.! എന്ന് പിറുപിറുക്കുകയും വേണ്ട. ഗ്രാമീണ മേഖലയിലെ ആവർത്തനവിരസങ്ങളായ കാഴ്ചകൾക്കിടയിൽ ഒരു അപൂർവ്വ സുന്ദരമായ കാഴ്ച. ഏതായാലും ഈ വഴി വന്നതല്ലേ..ഒന്നിവിടെ ഇറങ്ങൂ.. എന്ന് നിങ്ങളെ ആരോ നിർബ്ബന്ധിയ്ക്കുന്നതായി തോന്നുന്നില്ലേ..! വണ്ടി നിങ്ങളറിയാതെ നിന്നുപോയി അല്ലേ..!

വാഹനം നിന്ന സ്ഥിതിയ്ക്ക് ഇനി നിങ്ങൾ പുറത്തിറങ്ങും. പൂക്കൾ നിറഞ്ഞ പാതയാൽ, തെളിനീരൊഴുകുന്ന തോടിനാൽ, കറുത്തിരുണ്ട കാട്ടുചോലകളുടെ കുളിരിനാൽ നിങ്ങൾ വശീകരിയ്ക്കപ്പെട്ടു. പന്നഗം തോടിന്റെ കുളിരാർന്ന ഒഴുക്ക് മൃദുവായി നിങ്ങളിലേക്ക് ഒഴുകി പടരും.

publive-image

കാലുകളെ കുളിരണിയിയ്ക്കുന്ന തെളിഞ്ഞ വെള്ളത്തിൽ പത്ത് ചുവട് നടക്കാം. ഉരുണ്ടു മിനുസമുള്ള, പല നിറത്തിലുള്ള കല്ലുകളും ചരലും മണൽത്തരികളും വെള്ളത്തിനടിയിൽ തെളിമയോടെ കാണാം.

ഓടിക്കളിക്കുന്ന തോട്ടുമീനുകൾ കുട്ടികളെയും മുതിർന്നവരെയും ആഹ്ലാദഭരിതരാക്കും. അനങ്ങാതെ അൽപസമയം വെള്ളത്തിൽ നിന്നാൽ ചെറുമീനുകൾ പാദങ്ങളിൽ നക്കി, ഉരുമ്മി നീന്തും.

കുടിയേറ്റ ആക്രമണത്തിൽ, നഷ്ടപ്പെട്ടുപോയ ഹരിതസാമ്രാജ്യത്തിന്റെ പിൻതലമുറക്കാരായ ചില മരപ്രഭുക്കൾ തോട്ടീണ്ടിയിൽ കറുത്തിരുണ്ട പച്ചിലമാളിക തീർത്ത് ആഢ്യത്തം കൈവിടാതെ നിൽക്കുന്നു. പേരറിയാത്ത ഈ കറുത്തിരുണ്ട വനവൃക്ഷങ്ങൾ കൊടുംവേനലിലും തണലും കുളിരും പകരുന്നു.

തോട്ടിലെ വെള്ളത്തിൽ മുഖം നോക്കുന്ന ഒട്ടലിന്റെ* കൂട്ടങ്ങളിൽ കാട്ടുകോഴികളുടെയും കണ്ടത്തിമുണ്ടികളുടെയും കൂടുകളിൽ നിന്ന് അവരുടെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാം. ഓറഞ്ചും തവിട്ടും നിറം കലർന്ന കരഞണ്ടുകൾ മാളത്തിൽ നിന്നും പുറത്തിറങ്ങി വേഗത്തിൽ എങ്ങോട്ടോ നടന്നു.

publive-image

ഈറ്റക്കൂട്ടങ്ങൾ, ഒട്ടൽകൂട്ടങ്ങൾ, കാട്ടുലതകൾ, പൂക്കൈതകൾ, ആഞ്ഞിലി, മരോട്ടി, പിന്നെ പേരറിയാത്ത വൻമരങ്ങൾ തുടങ്ങിയ വൃക്ഷങ്ങൾ ഉച്ചനേരത്തും തോട്ടിൽ ഇരുട്ടിനെ ഒളിപ്പിയ്ക്കും. ഇതുവരെ സൂര്യരശ്മികൾ പതിയ്ക്കാത്ത, എപ്പോഴും ഇരുൾ മൂടിക്കിടക്കുന്ന മരക്കൂട്ടങ്ങൾ, മരച്ചുവടുകൾ ഇവിടെ ഉള്ളത് ആശ്ചര്യം തോന്നിപ്പിയ്ക്കും.

പ്രകൃതിയുടെ സ്വാഭാവികവും സുന്ദരവുമായ ഈ ഉപവനം പുറത്ത് വിടുന്ന ശുദ്ധവായു നിറയ്ക്കാനും പുറത്ത് വിടാനും നിങ്ങളുടെ ശ്വാസകോശം കൊതിച്ചത് നിങ്ങളറിഞ്ഞില്ല. രക്തചംക്രമണം സാധാരണ നിലയിൽ എത്തിയതും അറിഞ്ഞില്ല.

തിരിച്ചു പോകാൻ തീരുമാനിച്ചെങ്കിലും അൽപസമയം കൂടി ഇതിലേ ചുറ്റിപ്പറ്റി നടക്കുന്നതെന്തിനാണ്. കുറച്ച് കൂടി കഴിഞ്ഞ് പോയാൽ പോരേ എന്ന് ഉള്ളിലിരുന്ന് ആരോ ചോദിയ്ക്കുന്നുണ്ടോ.

നേരത്തെ പറഞ്ഞില്ലേ.. ഇവിടെ ഇറങ്ങിയാൽ നിങ്ങൾ വശീകരിയ്ക്കപ്പെടുമെന്ന്. ഇതെന്നാ കാണാനാ എന്ന് ചോദിച്ചതും വെറുതെ സമയം കളഞ്ഞു എന്ന് പിറുപിറുത്തതും വെറുതെ ആയി ഇല്ലേ.

publive-image

മനസ്സിൽ ഇപ്പോൾ ചില ചിത്രങ്ങൾ നിങ്ങൾ വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ നാട്ടിലെ റോഡരികിൽ, തോടിന്റെ വശങ്ങളിൽ, നിങ്ങളുടെയും അയൽക്കാരുടെയും മുറ്റത്തോട് ചേർന്ന റോഡരികിൽ, ചെടികളും മരങ്ങളും നട്ട് നനച്ച് വളർത്തുന്ന ചിത്രം.

ഒരു മാടക്കട പോലും ഇവിടെ ഇല്ല എന്നത് നിങ്ങൾക്ക് ആശ്വാസമായിരുന്നു. സാധാരണയായി ഇത്തരം പ്രദേശങ്ങളിൽ അതിക്രമിച്ച് കയറുന്ന തട്ടുകടക്കാരും മാടക്കടക്കാരും ഇങ്ങനെയുള്ള പ്രദേശങ്ങളുടെ മനോഹാരിത നഷ്ടപ്പെടുത്താറുണ്ട് എന്ന് നിങ്ങൾക്ക് തോന്നിയത് സ്വാഭാവികം.

കൊറിയ്ക്കാനും കുടിയ്ക്കാനും പിന്നെ വലിച്ചെറിയാനും പ്ലാസ്റ്റിക് കൂടുകളും കുപ്പികളും നിങ്ങളുടെ കൈയ്യിൽ ഇല്ലാതിരുന്നത് ചെടികൾക്കും, കാട്ടരുവിയ്ക്കും എന്ത് ആശ്വാസമായിരുന്നു എന്ന് അവർ യാത്രാമൊഴി ചൊല്ലുമ്പോൾ മനസ്സിലായിട്ടുണ്ടാകും അല്ലേ. ഇനിയും വരണമെന്ന് നിങ്ങളുടെ കാതിൽ മന്ത്രിച്ച് കാറ്റ് അകന്നുപോയപ്പോൾ വിഷമം തോന്നിയോ.

ഇപ്പോൾ ശാന്തമായി ഒഴുകുന്ന പന്നഗംതോടിനെ കാലവർഷത്തിൽ നിങ്ങൾ കാണ്ടാൽ അമ്പരന്ന് പോകും. കലിതുള്ളി, കലക്കി മറിച്ച്, തോട് നിറച്ച് ഒഴുകും. ചിലപ്പോൾ അവൾ കരഞ്ഞ് വിളിച്ച് രൗദ്രയാകും. കരകവിഞ്ഞ്, പുരയിടങ്ങളിലും റോഡിലും കയറിയിറങ്ങും. പക്ഷേ, വലിയ ഉപദ്രവം ഉണ്ടാക്കത്തില്ല.

* തോട്ടീണ്ടി - തോടിന്റെ കര.

* ഒട്ടൽ - ഇല്ലിയുടെ വിഭാഗത്തിൽ പെടുന്ന കൂട്ടമായി വളർന്ന് പടരുന്ന ചെടി. വംശനാശം നേരിടുന്ന ഈ ചെടികൾ ജലാംശത്തെ ക്രമീകരിച്ച് നിർത്തുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും വിദഗ്ധരാണ്. സാധാരണയായി തോട്ടീണ്ടികളിലാണ് സമൃദ്ധമായി കാണപ്പെടുന്നത്.

Advertisment