പാലാ: ഒരുകാലത്ത് നഗര, ഗ്രാമ വ്യത്യാസങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നവയാണ് തപാൽ ഓഫീസുകൾ. ഉൾഗ്രാമങ്ങളിലെ തപാൽ ഓഫീസുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് പ്രദേശത്തെ സാധാരണ മനുഷ്യരുടെ ഹൃദയത്തുടിപ്പുകളാണ്. സ്വകാര്യ കൊറിയർ സർവ്വീസുകളുടെ വരവോടെ ജനങ്ങൾ പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കുന്നത് കുറഞ്ഞു.
പ്രധാന പോസ്റ്റ് ഓഫീസുകൾക്കു കീഴിലുള്ള പല സബ്ബ് പോസ്റ്റ് ഓഫീസുകളും ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആധുനിക വിവരസാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം കൂടിയതോടെ പോസ്റ്റൽ സേവനം തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. സ്ഥാപനങ്ങളുടെ നിലനില്പു തന്നെ സന്നിഗ്ദ്ധാവസ്ഥയിലാണ്. ഇന്നും ഗ്രാമങ്ങളിലെ പല പോസ്റ്റോഫീസുകളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്.
കോട്ടയം ജില്ലയിലെ, പാലാ എടപ്പാടിയിലെ പോസ്റ്റ് ഓഫീസിനു പറയാനുള്ളത് അമ്പതു വർഷത്തെ ചരിത്രമാണ്. വാടകക്കെട്ടിടത്തിലാണ് ഈ തപാലോഫീസിന്റെയും പ്രവർത്തനമെങ്കിലും കെട്ടിടയുടമയായ ഇടപ്പാടി ആലാനിയ്ക്കൽ മാത്യു എന്ന മനുഷ്യൻ വാടകയീടാക്കാതെയാണ് തപാൽ വകുപ്പിന് പ്രവർത്തിയ്ക്കുവാനായി കഴിഞ്ഞ അമ്പതു വർഷമായി തന്റെ കെട്ടിടം വിട്ടുനൽകിയിരിക്കുന്നത്.
ഈയടുത്തയിടെ മാത്യു ചേട്ടൻ സ്വന്തം ചെലവിൽ കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി നൽകി. തപാൽ ഓഫീസ് ഇടപ്പാടിയിൽ നിലനിർത്തുന്നതിനാണ് സൗകര്യങ്ങൾ ഒരുക്കി മാത്യു കെട്ടിടം നൽകിയത്. ഭരണങ്ങാനം പോസ്റ്റ് ഓഫീസിന്റെ ബ്രാഞ്ച് ഓഫീസാണ് ഇടപ്പാടി. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ ബേബി ജോസഫ് ഉൾപ്പെടെ 3 ജീവനക്കാരാണ് ഇവിടെയുള്ളത്. നാട്ടിൻപുറങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ചെയ്തു കൊടുക്കുന്നത് കെട്ടിട ഉടമകൾ തന്നെയാണ്.
വാടക ഈടാക്കാതെ കെട്ടിടങ്ങൾ സൗജന്യമായി നൽകിയിട്ടുള്ളവർ വേറെയുമുണ്ട്. കോട്ടയം ജില്ലയിലെ കരൂർ, മുണ്ടാങ്കൽ, രാമപുരം അമ്പലം ജംഗ്ഷൻ, ഇടനാട്, ഇരുമാപ്രമറ്റം തുടങ്ങി മേഖലയിലെ ഇരുപതിലേറെ പോസ്റ്റ് ഓഫീസുകൾ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും വാടകയില്ലാതെ സൗജന്യമായി നൽകിയിരിക്കുന്നതാണ്.