Advertisment

കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 'ഉണർവ്വ് 2023' കലോത്സവം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കൊഴുവനാല്‍: കൊഴുവനാൽ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന പഞ്ചായത്തിലെ വ്യത്യസ്ത കഴിവുകളുള്ളവരുടെ കലോത്സവം ഉണർവ്വ് 2023 എന്ന പേരിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ടിങ്കിൾരാജിന്റെ അദ്ധ്യക്ഷതയിൽ പാലാ ഡി.വൈ.എസ്.പി. തോമസ് എ.ജെ. കലോത്സവം ഉദ്ഘാടനവും ഭിന്നശേഷിക്കാർക്കുളള ഉപകരണ വിതരണവും നിർവഹിച്ചു.

ഭിന്നശേഷി സമൂഹത്തിന്റെ സർഗ്ഗാവിഷ്കാരങ്ങൾക്ക് പൊതുവേദിയൊരുക്കി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനും തുല്യനീതി ഉറപ്പാക്കാനും അവരെ ചേർത്തുപിടിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുവാൻ ഉണർവ്വ് 2023 എന്ന കലാമേള സഹായിക്കും എന്നും നിലവിലെ അവസ്ഥയല്ല പകരം നമ്മൾ എങ്ങനെ തുടങ്ങുന്നു എന്നത് മാത്രമാണ് ജീവിത വിജയത്തിന്റെ അളവ് കോൽ എന്നും ഉദ്ഘാടന വേളയിൽ തോമസ് എ.ജെ കൂടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി. സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാ രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ചു ദിലീപ്, ഗോപി കെ.ആർ, ജോസഫ് പി.സി, മെർലി ജെയിംസ്, സി.ഡി.എസ്. ചെയർപേഴ്സൺ രമ്യാ രാജേഷ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ മിനികുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകൾക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു.

ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലോത്സവം വേറിട്ട അനുഭവമായി.

Advertisment