/sathyam/media/post_attachments/CPA2jR0VhTUVSBiqZ9TG.jpg)
പാലാ: മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും വളരുന്ന പുതുതലമുറയെ വെല്ലുന്ന ഓര്‍മകള്‍ അയവിറക്കി 40 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കലാലയ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നവര്‍ക്ക് ആഹ്ളാദം. പാലാ സെന്‍റ് തോമസ് കോളജില്‍ 1980- 1983 ബാച്ച് ബിഎസ്‌സി ബോട്ടണി വിദ്യാര്‍ഥികളും അധ്യാപകരും കോളജില്‍ സംഘടിപ്പിച്ച ത്രിദിന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് ഊഷ്മള തുടക്കം.
കലാലയ ജീവിതത്തിന്റെ ഓര്‍മകള്‍ പുതുക്കിയും ഗുരുനാഥന്മാര്‍ക്ക് ആദരം നല്‍കിയും പരേതര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചും നടത്തിയ പുനഃസമാഗമം അവിസ്മരണീയമായി. പാലാ സെന്‍റ് തോമസ് കോളജിലെ സെന്റ് ജോസഫ് ഹാളില്‍ വൈകുന്നേരം നാലിനു തുടങ്ങിയ റീയൂണിയന്‍ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത് അധ്യക്ഷനായിരുന്നു. ബോട്ടണി അധ്യാപകരായിരുന്ന പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, പ്രഫ. ടി.യു. തോമസ്, പ്രഫ. എം.സി. മാണി എന്നിവര്‍ക്ക് ഗുരുവന്ദനം നല്‍കി.
കോളജിന്റെ പടിയിറങ്ങിയ ശേഷം വിവിധ ദേശങ്ങളിലും ജീവിതത്തിന്റെ നാനാതുറകളിലും വര്‍ത്തിക്കുന്നവരുടെ പരിചയപ്പെടുത്തലുകളും ചിതലരിക്കാത്ത ഓര്‍മകളുടെ പങ്കുവയ്ക്കലുകളും ആസ്വാദ്യകരമായി. കോളജ് ജീവിതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എക്കാലവും ഭാവിയിലേക്കുള്ള വെളിച്ചമായിരുന്നുവെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ട് വിജയം നേടിയതില്‍ പാലാ സെന്‍റ് തോമസ് കോളജിലെ പഠനകാലത്തു ലഭിച്ച അറിവുകളും മൂല്യങ്ങളും ചിട്ടകളും ഏറെ സഹായകമായെന്ന് ഇവര്‍ പറഞ്ഞു.
/sathyam/media/post_attachments/I0xMy5qO4qeWcYmvnW73.jpg)
ഒരു മണിക്കൂര്‍ നിശ്ചയിച്ച ഓര്‍മകളുടെ അയവിറക്കല്‍ മൂന്നു മണിക്കൂര്‍ നീണ്ടിട്ടും ഒരാള്‍ പോലും തിരക്കു പറഞ്ഞ് ഒഴിവായില്ല. കോളജിലെ പരിപാടികള്‍ക്കു ശേഷം നഗരത്തിലെ ഹോട്ടലില്‍ രണ്ടു മണിക്കൂര്‍ നീണ്ട അത്താഴവിരുന്നിനു ശേഷമായിരുന്നു 60-ലെത്തിയ കൂട്ടുകാര്‍ പിരിഞ്ഞത്.
സൗഹൃദത്തണല്‍ കൂടുതല്‍ വിശാലമാക്കുന്നതിനായി ജൂണ്‍ 10, 11 തീയതികളില്‍ തേക്കടിയിലെ കേരള വനം വകുപ്പിന്റെ കീഴിലുള്ള ബാംബൂ ഗ്രൂവ് റിസോര്‍ട്ടില്‍ താമസിച്ചു രണ്ടു ദിവസത്തെ ഓര്‍മക്കൂട്ടം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പെരിയാര്‍ തടാകത്തിലെ ബോട്ട് യാത്ര അടക്കമുള്ള പരിപാടികള്‍ 1983 ബാച്ച് ബോട്ടണി ഡിഗ്രി ക്ലാസിലെ കൂട്ടുകാരുടെ ചങ്ങാത്ത ഉത്സവമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us