kott
കോട്ടയം: സംക്രാന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. നീലിമംഗലം സ്വദേശിയായ ജൈന (37)യാണ് മരിച്ചത്. ഭർത്താവിന്റെ കൺമുന്നിൽ വെച്ചാണ് അപകടം നടന്നത്
ബുധനാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. സംക്രാന്തിയിലെ പെട്രോൾ പമ്പിന് സമീപമുള്ള മീൻകടയിൽ നിന്നും മീൻ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ജൈന. ഈ സമയം ജൈനയുടെ ഭർത്താവ് റെയിൽവേ ട്രാക്കിന് സമീപം കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേയ്ക്കു പോകാൻ ജൈന റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ജൈനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വലിയ ശബ്ദമില്ലാതെ ട്രെയിനിൻ്റെ എൻജിൻ മാത്രമായിരുന്നു അമിത വേഗത്തിലെത്തിയത്. ഭർത്താവ് അപകട മുന്നറിയിപ്പ് നൽകിയെങ്കിലും ജൈനയ്ക്ക് രക്ഷപെടാൻ സമയം കിട്ടിയില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.