പാലാ ജനറൽ ആശുപത്രി; ഹൈടെക് ലാബിന് സ്ഥലം വിട്ടു നൽകുവാൻ അനുമതി, വാഹനപാർക്കിംഗിനായി കൂടുതൽ സ്ഥലം ക്രമീകരിക്കും, പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും

New Update

publive-image

Advertisment

പാലാ: ജനറൽ ആശുപത്രി കോംപൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി വാഹന പാർക്കിംഗിന് കൂടുതൽ സ്ഥലം ക്രമീകരിക്കുവാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി നടപടി ആരംഭിച്ചു. ഇതിനായി മെഡിക്കൽ സ്റ്റോറും ആശുപത്രി ഓഫീസും മാറ്റി സ്ഥാപിക്കും.

ഇവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ കെട്ടിടങ്ങൾ നഗര സഭാ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കി ഈ ഭാഗത്ത് പാർക്കിംഗ് ക്രമീകരിക്കും. വാക്സിനേഷനും കോവിഡ് പരിശോധനയ്ക്കും മറ്റ് ചികിത്സകൾക്കുമായി ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ എത്തുന്നതുമൂലം ആംബുലൻസുകൾക്ക് പോലും ആശുപത്രിയിലേക്ക് എത്തുന്നതിന് കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇതോടൊപ്പം ജനറൽ ആശുപത്രി റോഡ് സുഗമമായ ഇരു നിര വാഹന ഗതാഗതത്തിന് അനുയോജ്യമാക്കും വിധം വികസിപ്പിക്കുന്നതിന് മുൻ മന്ത്രി.കെ.എം.മാണി നൽകിയിരിക്കുന്ന 3.75 കോടിയുടെ ഭരണാനുമതിയിൽ തുടർനടപടിക്കായി ജില്ലാ കളക്ടറോടും പൊതുമരാമത്ത് വകുപ്പിനോടുo ആവശ്യപ്പെടുന്നതിന് ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.

ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഡിയോളജി വിഭാഗത്തിൽ കാത്ത് ലാബ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതാനായി 880 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക കെട്ടിടം ആശുപത്രിയിൽ നിർമിച്ചിട്ടുണ്ട്. തടസ്സരഹിത വൈദ്യുതീകരണ സംവിധാനവും ഏർപ്പെടുത്തി കഴിഞ്ഞു.

ഇതിനായി ആരോഗ്യ വകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
മുൻ എം.പി. ജോസ്.കെ.മാണിയുടെ ശ്രമഫലമായി അനുവദിക്കപ്പെട്ട രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ കീഴിൽ ആശുപത്രിയിൽ ഹൈടെക് ക്ലിനിക്കൽ ലാബ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നൽകുവാനും മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു, വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്, ബിജിജോജോ, ഫിലിപ്പ് കുഴികുളം, ജയ്സൺമാന്തോട്ടം, സംഘടനാ നേതാക്കളായ ബിജു പാലൂപടവൻ, ടോബിൻ .കെ .അലക്സ്, പീറ്റർ മാത്യു, പി.കെ.ഷാജു കുമാർ, അഡ്വ.ജോബി കുറ്റിക്കാട്ട്, അനസ് കണ്ടത്തിൽ, മഞ്ചു ജോഷി, കെ.എസ്.രമേശ് ബാബു., പ്രൊഫ.സതീശ് ചൊള്ളാനി, ജിമ്മി ജോസഫ്, ടി.കെ.വിനോദ് ,പ്രാശാന്ത് മോനിപ്പിള്ളി, എന്നിവരും ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജൻ, ഡോ. പി. എസ്.ശബരീനാഥ്, അബ്ദുൾ റഷീദ്, ഡോ.സോളി മാത്യു., മേഴ്സി .പി .വർഗീസ് ,സ്റ്റമേഴ്സൺ തോമസ്എന്നിവരും പങ്കെടുത്തു.

NEWS
Advertisment