/sathyam/media/post_attachments/uRx0DrD2FjZXEBQ1nTgA.jpg)
കുമ്മണ്ണൂര്‍: യാത്രക്കാര്‍ക്കും വീടുകള്‍ക്കും അപകടഭീഷണി ഉയര്‍ത്തി വേരറ്റുനില്‍ക്കുന്ന ആഞ്ഞിലിമരം ഇനിയാര് വെട്ടിമാറ്റും...? കാലവര്‍ഷത്തിന് മുന്നോടിയായി അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലും ഒരു നടപടിയും ഉണ്ടാകാത്തത്തിലുള്ള ആശങ്കയിലാണ് കുമ്മണ്ണൂര്‍ കോട്ടേല്‍കുന്ന് റോഡിലെ കാല്‍നടയാത്രക്കാരും സമീപത്തുള്ള കുടുംബങ്ങളും.
/sathyam/media/post_attachments/wR9WmrNbbszQ8HFmgwPb.jpg)
കിടങ്ങൂര്‍ പഞ്ചായത്തിലെ കുമ്മണ്ണൂര്‍ വാര്‍ഡിലെ കോട്ടേല്‍കുന്ന് റോഡിന് ഓരം ചേര്‍ന്നാണ് അടിവേരിളകിയ നിലയില്‍ ആഞ്ഞിലിമരം നില്‍ക്കുന്നത്. കോട്ടേല്‍കുന്ന് ഭാഗത്തേക്കുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ നിത്യേന സഞ്ചരിക്കുന്ന വഴിവക്കിലാണീ അപകടമരം.
കാലവര്‍ഷത്തില്‍ ആടിയുലയുന്ന ഈ മരം എത്രയുംവേഗം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പുതന്നെ സമീപവാസികള്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ പരാതി നല്കിയതാണ്. ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. ഇതിന്റെ തുടരന്വേഷണവും മരം എത്രയും വേഗം മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ടും ജില്ലാ കളക്ടര്‍ കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതുവരെയും ഇത് നടപ്പാക്കിയിട്ടില്ല.
ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റണമെന്ന ജില്ലാ കളക്ടരുടെ നിര്‍ദ്ദേശവും കിടങ്ങൂരില്‍ പാലിക്കപ്പെടുന്നില്ല. ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അപകട നിലയില്‍ ഈ ആഞ്ഞിലി മരം നല്‍ക്കുന്നത്. കുമ്മണ്ണൂര്‍ കരോട്ടെ കവലയില്‍ നിന്നും കോട്ടേല്‍കുന്നിലേക്ക്് പോകുന്ന വഴിവക്കാണിത്. ജില്ലാകളക്ടര്‍ക്ക് പുറമേ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഇത് സംബന്ധിച്ച് നാട്ടുകാര്‍ പരാതി കൊടുത്തിരുന്നു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല.
മരം മുറിക്കാന്‍ ചെലവ് ചെയ്യണമെന്ന് സെക്രട്ടറി
കുമ്മണ്ണൂര്‍ കരോട്ടേകവല-കോട്ടേല്‍കുന്ന് റോഡ് വക്കില്‍ അപകടനിലയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്നതിന് ചെലവ് ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതായാണ് പരാതിക്കാര്‍ പറയുന്നത്. സെക്രട്ടറി രണ്ട് തവണ സ്ഥലത്ത് വന്ന് നോക്കിയെങ്കിലും മരം മുറിക്കാനുള്ള നടപടികള്‍ ഒന്നുമുണ്ടായില്ല.
ഇതേ സമയം മരം മുറിച്ചുമാറ്റുന്നതിന് ആളെ കണ്ടെത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും മുറിച്ചുമാറ്റുന്നതിന് ചെലവാകുന്ന തുക വസ്തു ഉടമയില്‍ നിന്ന് ഈടാക്കാന്‍ വകുപ്പുണ്ടെന്നുമാണ് കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറി രാജീവിന്റെ വിശദീകരണം.
അധികാരികളുടെ കരുണ തേടി...
തന്റെ വീടിന് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരം മുറിച്ചുമാറ്റണെമന് ആവശ്യപ്പെട്ട് വിവിധ അധികാരികളെ സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. കാലവര്‍ഷകെടുതിയില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കെടുതികളില്‍ സഹായം എത്തിക്കുകയും ഗതാഗതം തടസ്സപ്പെടുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്ന ഫയര്‍ഫോഴ്‌സിലെ ഒരംഗമായ എനിക്കും ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്കൊപ്പം നീതി കിട്ടിയില്ലെന്ന പരാതിയുണ്ടെന്ന് പാലാ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കട്ടിണശ്ശേരില്‍ കൃഷ്ണകുമാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us