മാമ്പഴം ചോദിച്ചെത്തി വൃദ്ധയുടെ കയ്യിൽ നിന്നും സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

New Update

publive-image

കുറവിലങ്ങാട്:ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് ഭാഗത്ത് തോപ്പിൽ പറമ്പിൽ വീട്ടിൽ ഉസ്താദ് എന്ന് വിളിക്കുന്ന അഷ്‌റഫ്‌ (58), എറണാകുളം മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി(35) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇവർ കഴിഞ്ഞ 25 - ആം തീയതി ഉച്ചയോടുകൂടി സ്കൂട്ടറിൽ ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിലെത്തുകയും, വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിക്കുകയും ഇത് എടുക്കാൻ ഇവര്‍ അകത്തു പോയ സമയം പ്രതികളിൽ ഒരാൾ വൃദ്ധയുടെ പിന്നാലെ അകത്തു കടക്കുകയും ഇവരെ ബലംപ്രയോഗിച്ച് കട്ടിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയിൽ കിടന്നിരുന്ന ആറു വളകളും, രണ്ടു മോതിരവും ബലമായി ഊരിയെടുത്ത് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു.

പ്രതികളിൽ ഒരാൾ വൃദ്ധയുടെ പുറകെ അകത്തു കയറിയ സമയം കൂടെയുണ്ടായിരുന്ന ആൾ വീടിന്റെ മുൻവശത്ത് സ്കൂട്ടർ സ്റ്റാർട്ട് ആക്കി കാത്തുനിൽക്കുകയായിരുന്നു. വൃദ്ധയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.

മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിനാണ് ലിബിൻ ബെന്നിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഇവർ ഇരുവരെയും തൊടുപുഴ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ലിബിൻ ബെന്നിക്ക് തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും, അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ.വി, റോജിമോൻ, എ.എസ്.ഐ വിനോദ് ബി.പി, സി.പി.ഓ മാരായ ഷിജാസ് ഇബ്രാഹിം, പ്രവീൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Advertisment