ശ്രീനാരായണ ഗുരുദേവൻ്റെ 167 മത് ജയന്തി ആൾകൂട്ടവും ആഘോഷവുമില്ലാതെ നടത്തുവാൻ തീരുമാനം - എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ

New Update

publive-image

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ ൻ്റെ 167 മത് ജയന്തി കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ഈ വർഷവും ആൾകൂട്ടവും ആഘോഷവുമില്ലാതെ ആർഭാട രഹിതമായി നടത്തുവാൻ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം തീരുമാനിച്ചു.

Advertisment

ഗുരുദേവ ജയന്തിയെ വരവേറ്റുകൊണ്ട് ചിങ്ങം1 ആഗസ്റ്റ് 17 പതാക ദിനമായി ആചരിക്കും. പതാക ദിനാചരണത്തിൻ്റെ ഭാഗമായി ഗുരു മന്ദിരങ്ങളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും പീത പതാക ഉയർത്തും.

ചിങ്ങം ഒന്നു മുതൽ കന്നി അഞ്ച് വരെയുള്ള ഒരു മാസക്കാലം പ്രാർത്ഥനാനിർഭരമായി ഗുരുദേവ പാരായണ മാസമായി ആചരിക്കും. മാസാചരണത്തിൻ്റെ ഭാഗമായി ഗുരുദേവകൃതികൾ ഒരുമാസംകൊണ്ട് മുഴുവൻ വീടുകളിലും പാരായണം ചെയ്യുന്ന രീതിയിലാണ് ഗുരുദേവ പാരായണം മാസാചരണം സംഘടിപ്പിക്കുന്നത് .

ഗുരുദേവ ജയന്തി ദിനമായ ആഗസ്റ്റ് 23 ന് ഗുരുദേവൻ്റെ തിരു അവതാര സമയമായ കാലത്ത് 6.15ന് മുഴുവൻ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് ഗുരുപൂജ നടത്തും. ശാഖാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡമനുസരിച്ച് ഗുരുപൂജ നടക്കും.

യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണഗുരു വരാശ്രമത്തിൽ വൈദിക കർമ്മങ്ങളും ഗുരുപൂജയും സമൂഹ പ്രാർത്ഥനയും നടക്കും. രാവിലെ 11 മണിക്ക് ഗുരുവരാശ്രമത്തിൽ വച്ച് നടക്കുന്ന ജയന്തി സമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും മാത്രം സംബന്ധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റു സമുദായ അംഗങ്ങൾക്ക് ഓൺലൈനിലൂടെ പരിപാടികളിൽ പങ്കാളികളാകാ വുന്നതാണ്.

ജയന്തി സമ്മേളനത്തിൻ്റെ ഉൽഘാടനം ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി നിർവ്വഹിക്കും. കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തും. കോർപ്പറേഷൻ കൗൺസിലർ സി കെ മഹേഷ് ജയന്തി സന്ദേശം നൽകും.

വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ ദഹിപ്പിക്കുകയും അനാഥ ശവങ്ങൾ ആചാരപൂർവം സംസ്ക്കരിക്കുവാൻ നേതൃത്വം നൽകുകയും കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പോലും ജീവൻ തൃണവൽഗണിച്ചുകൊണ്ട് ശവസംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വെസ്റ്റ്ഹിൽ ശാഖാ അംഗം കൂടിയായ കെ വി അജിത് കുമാറിനെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകളെയും ആദരിക്കും.

നേതൃയോഗത്തിൻ്റെ ഉൽഘാടനം യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിച്ചു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ ബിനുകുമാർ, അഡ്വ.എം.രാജൻ, എം.മുരളീധരൻ, വി.സുരേന്ദ്രൻ, ചന്ദ്രൻ പാലത്ത്, പി കെ ഭരതൻ എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment