/sathyam/media/post_attachments/TsH2u4gSeY1XOYdy5D8m.jpg)
കോഴിക്കോട്: വെസ്റ്റ് ഹിൽ കോന്നാട് ബീച്ചിൽ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്ന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ട് മത്സ്യതൊഴിലാളികളുടെ ജീവനും വള്ളവും രക്ഷിച്ചതിന് ശേഷം ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ട കോന്നാട് പെരച്ചി വളപ്പിൽ എൻ.പി നാസറിൻ്റെ നിര്യാണത്തിൽ വെസ്റ്റ്ഹിൽ വികസന സമിതി അനുശോചനം രേഖപ്പെടുത്തി.
സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രണ്ട് ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നാസറിൻ്റെ ജീവത്യാഗം സമൂഹത്തിന് മാതൃകയാണെന്നും യോഗം അനുസ്മരിച്ചു. പത്ര ദൃശ്യമാധ്യമങ്ങൾ ഈ ഒരു ജീവത്യാഗത്തിന് അർഹമായ പരിഗണന നൽകാതിരുന്നതിൽ നാട്ടുകാർക്കുണ്ടായ വിഷമം യോഗം ചർച്ച ചെയ്യുകയും കുടുംബനാഥൻ്റെ അകാലമരണം മൂലം അനാഥമായ നാസറിൻ്റെ പാവപ്പെട്ട കുടുംബത്തിന് പത്ത് ലക്ഷം രൂപയെങ്കിലും താൽക്കാലികാശ്വാസധനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകണമെന്നും വെസ്റ്റ്ഹിൽ വികസന സമിതി യോഗം ആവശ്യപ്പെട്ടുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.
യോഗത്തിൽ വെസ്റ്റ്ഹിൽ വികസന സമിതി ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ഹർഷൻ കാമ്പുറം, പി എം അനൂപ് കുമാർ, സതീശ് കെ നായർ, ജ്യോതി കാമ്പുറം, യൂസഫ് കോന്നാട്, മാലിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.