കോഴിക്കോട്: ഡിസംബർ 24ന് ചേർന്ന കോഴിക്കോട് വിമാനത്താവള ഉപദേശക സമിതിയും, 26ന് ചേർന്ന് പ്രമുഖ സംഘടനകളുടെ അവർ (Our) എയർപോർട്ട് എന്ന കൂട്ടായ്മയും, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും ഏകസ്വരത്തിൽ റൺവേ നീളം കുറയ്ക്കാതെ വലിയ വിമാന സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
2019 ആഗസ്റ്റ് 7ലെ ചെറിയ വിമാനാപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. വിമാനാപകടം പൈലറ്റിന്റെ വീഴ്ചയാണെന്നാണ് റിപ്പോർട്ട്. എന്നാൽ മാറി മാറി അന്വേഷണ സമിതികളെ നിയോഗിച്ച് വലിയ വിമാന സർവീസ് ആരംഭിക്കൽ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു.
കോഴിക്കോട് സർവീസ് നടത്തിവന്നിരുന്ന വലിയ വിമാനകമ്പനികൾ എല്ലാം സ്വന്തംനിലയ്ക്ക് സുരക്ഷാ പരിശോധന നടത്തി ആരംഭിക്കാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചു കഴിഞ്ഞു. ഇനിയും സാങ്കേതിക തകരാറുകൾ പറഞ്ഞു നീട്ടിക്കൊണ്ടുപോകുന്നത് മലബാറിനോട് കാണിക്കുന്ന അവഗണനയും, എയർപോർട്ട് ഗുണഭോക്താക്കളോടുള്ള വെല്ലുവിളിയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭൂമിയേറ്റെടുക്കലും, വികസനവും അനിവാര്യമാണ്. അതിന് സംസ്ഥാന സർക്കാരിന്റെയും, മറ്റു ബന്ധപ്പെട്ടവരുടേയും നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ വലിയ വിമാന സർവീസ് ആരംഭിക്കുന്നതും, വികസനവും തമ്മിൽ കൂട്ടി കെട്ടാതെ എത്രയും വേഗം വിമാനസർവീസുകൾ ആരംഭിക്കുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. കോർഡിനേഷൻ കമ്മിറ്റിയുടെ ഓൺലൈൻ യോഗത്തിൽ ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു.
മലബാറിൽ ടൂറിസം - ചികിത്സ - വ്യാപാര- വ്യവസായ വിവിധ മേഖലകളിൽ (കിനാലൂരിൽ എയിംസ്, അടിവാരത്ത് നോളജ് സിറ്റി - പൊതുമരാമത്ത് - ടൂറിസം മന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ നിരവധി ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർകോവിലിന്റെ പ്രത്യേക താൽപര്യത്തിൽ മലബാറിലെ തുറമുഖ വികസനം) തുടങ്ങി മലബാറിലെ സമഗ്രവികസനത്തിന് പുത്തൻ പ്രതീക്ഷ നൽകുമ്പോൾ മലബാറിന്റെ 'ഗേറ്റ് വേ' ആയ കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ വലിയ വിമാന സർവീസ് ആരംഭിക്കൽ അനിവാര്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ജനറൽ കൺവീനറും വയനാട് ചേംബർ പ്രസിഡണ്ടുമായ ജോണി പറ്റാണി, കൺവീനർമാരായ ഇ.പി. മോഹൻ ദാസ്, പി. ഐ. അജയൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഖജാൻജി എം. വി. കുഞ്ഞാമു, കെ. എ. മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ ജോണി പറ്റാണി സ്വാഗതവും കൺവീനർ പി. ഐ. അജയൻ നന്ദിയും രേഖപ്പെടുത്തി.