കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണവേട്ട: മൂന്ന് പേർ അറസ്റ്റിൽ, ആമാശയത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണം പോലീസ് പിടികൂടി, കുടുങ്ങുന്നത് എക്‌സറേ പരിശോധനയിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിയ സ്വർണ്ണ മിശ്രിതം വീണ്ടും പോലീസ് പിടികൂടി. ഒരു കിലോ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. ദുബായിൽ നിന്നും എത്തിച്ച സ്വർണ്ണമാണിത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി.

സ്വർണ്ണം കടത്തിയ സാദിഖ്, സ്വീകരിക്കാനെത്തിയ ഷംസീർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. 12.30ഓടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പോലീസ് കാണുന്നത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. ദുബായിൽ നിന്നെത്തിയ ഒരാൾ സംഘത്തിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ സ്വർണ്ണം കടത്തിയോ എന്ന സംശയത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എക്‌സറേ പരിശോധനയിൽ വയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കേസിന്റെ അന്വേഷണം പോലീസ് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ പോലീസിന്റെ പരിശോധനയ്‌ക്കായി ഒരു പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പരിശോധനയും കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത് അഞ്ചാം തവണയാണ് കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണ്ണം പോലീസ് പിടികൂടുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപും ഇവിടെ നടത്തിയ പരിശോധനയിൽ പോലീസ് സ്വർണ്ണം പിടിച്ചെടുത്തിരുന്നു.

Advertisment