പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ സമഗ്ര ഓഡിറ്റിംഗ് നടത്തണം; മലബാർ ഡെവലപ്മെന്റ് കൗൺസിൽ

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

കോഴിക്കോട് : കേരളത്തിൽ വ്യോമ - റെയിൽ - റോഡ് - ജലഗതാഗത സംവിധാനം അനുദിനം ദുഷ്കരവും ചിലവേറിയതും സമയ നഷ്ടത്തിനും ഇടവരുത്തുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ യാത്ര ക്ലേശം ലഘൂകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

Advertisment

കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കേരളത്തിലെ റോഡിന്റെ ശോചനീയാവസ്ഥയും പാർക്കിംഗ് പരിമിതിയും ഗതാഗതക്കുരുക്കും ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതും വേണ്ടത്ര കെഎസ്ആർടിസി - സ്വകാര്യ ബസ് സർവീസുകളുടെ കുറവും, അമിത നിരക്കുകളും യാത്ര ക്ലേശവും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വിപുലമായ യോഗം വിളിച്ചുചേർത്തതെന്ന് അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു.

വ്യോമ - റെയിൽ - റോഡ് - ജലഗതാഗത സൗകര്യം തെക്കൻ കേരളത്തിലെക്കാൾ താരതമ്യേന കൂടുതൽ രൂക്ഷമാണ് മലബാറിൽ. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന വകുപ്പുകളിൽ സമഗ്ര ഓഡിറ്റിംഗ് നടത്തി അടിയന്തര നടപടികൾ സ്വീകരിച്ചു പരിഹരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം കോവിഡിന് ശേഷം ടൂറിസം മേഖല ഉൾപ്പെടെയുള്ള സമസ്ത മേഖലകളുടെയും ഉയർത്തെഴുന്നേൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആശങ്ക പ്രകടിപ്പിച്ചു.

പതിറ്റാണ്ടുകൾക്ക് മുൻപ് പൊന്നാനി - തിരൂർ, ഫറോക്ക് - മാവൂർ - അരീക്കോട് റൂട്ടിൽ നടത്തിയിരുന്ന ബോട്ട് സർവീസ് പുനരാരംഭിക്കുക, പ്രധാന പട്ടണങ്ങളിൽ സർക്കുലർ ബസ് സർവീസ്, ഷെയർ ഓട്ടോ, ടൂവീലർ ടാക്സി എന്നിവ അനുവദിക്കുക, ബൈസിക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുക, ലക്ഷദ്വീപുകൾക്ക് ഏറ്റവും അടുത്ത വൻകരയായ കോഴിക്കോട്ടേക്ക് ( ബേപ്പൂർ ) കൂടുതൽ ചരക്ക് - യാത്ര കപ്പലുകളും കരിപ്പൂർ വിമാനത്താവളത്തിലേക്ക് വിമാന കണക്ടിവിറ്റിയും ഏർപ്പെടുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു. ( കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയിൽ ഈ ആവശ്യം തുറമുഖ വകുപ്പ് മന്ത്രിയായ ശ്രീ. അഹമ്മദ് കോവിൽ, പോർട്ട് ഓഫീസർ അശ്വിനി പ്രതാപ്, കോഴിക്കോട് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കൗൺസിൽ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.)

ആഘോഷ - അവധി കാലങ്ങളിൽ വിമാന കമ്പനികളുടെ അമിത യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് ബേപ്പൂർ - യുഎഇ സെക്ടറിൽ സർവീസ് നടത്താൻ സന്നദ്ധരായ കപ്പൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും യോഗം അഭ്യർത്ഥിച്ചു.

കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജോയ് ജോസഫ്. കെ, കൺവീനർമാരായ സൺഷൈൻ ഷോർണൂർ, പി.ഐ. അജയൻ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറിമാരായ കുന്നോത്ത് അബൂബക്കർ, ജിയോ ജോബ്, ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിമാരായ സി.വി. ജോസി, എൻ. റിയാസ്, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ചീഫ് കോഡിനേറ്റർ കെ.എൻ. ചന്ദ്രൻ, പ്രൊഫസർ ഫിലിപ്പ് കെ. ആന്റണി, ഓൾ കേരള ബൈസിക്കിൾ പ്രമോഷൻ കൗൺസിൽ സെക്രട്ടറി എം.എം. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ സ്വാഗതവും ഖജാൻജി എം.വി. കുഞ്ഞാമു നന്ദിയും രേഖപ്പെടുത്തി.

Advertisment