ഫസ്റ്റ് ക്ലാപ്പിൻ്റെ 7-ാമത് വാർഷികം കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവന പരിപാടികളോടെ സംഘടിപ്പിച്ചു

New Update

publive-image

കോഴിക്കോട്:ഫസ്റ്റ് ക്ലാപ്പിൻ്റെ 7-ാമത് വാർഷിക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കോഴിക്കോട് ചാലപ്പുറത്തുള്ള ഫസ്റ്റ് ക്ലാപ്പ് ഹാളിൽ വെച്ച് യോഗം ചേർന്ന് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. തെരുവോരങ്ങളിൽ കഴിയുന്ന അശരണർക്ക് ഉച്ച ഭക്ഷണം നൽകാൻ സംഘടനാംഗങ്ങൾ ഒത്തൊരുമിച്ച് കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷണപ്പൊതികളുമായി നീങ്ങി.

Advertisment

സമൂഹത്തിൻ്റെ പരിഗണന അർഹിക്കുന്ന അശരണരെ കണ്ടെത്തി ആശ്വസിപ്പിക്കുകയും അവരുടെ രോഗവിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ചികിത്സാ സഹായം നൽകുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു. ആധാർ കാർഡില്ലാത്തവർക്ക് കാർഡ് എടുത്ത് നൽകാനും സംഘടനാംഗങ്ങൾ ഡേറ്റാ ശേഖരണം നടത്തി.

ഉച്ചക്ക് ശേഷം ഷാജൂൺ കാര്യാലിൻ്റെ നേതൃത്വത്തിൽ സരോവരം പാർക്ക് സന്ദർശിച്ചു. ഫസ്റ്റ് ക്ലാപ്പ് 2019 ൽ സംഘടിപ്പിച്ച ഓർമ്മ മരങ്ങൾ എന്ന പദ്ധതി കോഴിക്കോട് കോർപ്പറേഷൻ മേയറായിരുന്ന തോട്ടത്തിൽ രവീന്ദ്രനാണ് അന്ന് ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്.

മൺമറഞ്ഞ കോഴിക്കോട്ടുകാരായ സിനിമാ പ്രവർത്തകരുടെ പേരിൽ ഓരോ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കുക എന്ന പദ്ധതിയായ ഓർമ്മ മരങ്ങളുടെ ഉത്ഘാടനം, പ്രശസ്ത സഞ്ചാര സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ പൊറ്റക്കാടിൻ്റെ പേരിൽ ചന്ദനമരത്തിൻ്റെ തൈ നട്ടു കൊണ്ടാണ് തോട്ടത്തിൽ രവീന്ദ്രൻ ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്.

publive-image

തുടർന്ന് പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിൽ കവിയും ഗാന രചയിതാവും സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരു മാങ്കോസ്റ്റീൻ തൈ നട്ടു. കൂടാതെ കെപി ഉമ്മർ, നെല്ലിക്കാട് ഭാസ്ക്കരൻ, ഐവി ശശി, ടി.ദാമോദരൻ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ആഹ്വാൻ സെബാസ്റ്റ്യൻ, ഗിരീഷ് പുത്തഞ്ചേരി , അഗസ്റ്റിൻ, ടിഎ.റസാഖ്, ടിഎ ഷാഹിദ് തുടങ്ങിയ പല പ്രഗത്ഭരുടേയും പേരിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി.

ഇന്നലെ ഫസ്റ്റ് ക്ലാപ്പിൻ്റെ വാർഷിക ദിനത്തിൽ സരോവരം പാർക്കിൽ പോയി വൃക്ഷങ്ങളുടെ വളർച്ച ആസ്വദിക്കുകയും വളവും വെള്ളവും നൽകാൻ തീരുമാനിക്കുകയും ചെയ്തു.

എല്ലാ വർഷവും സംഘടനയിലെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ഒരു അംഗത്തിന് ചികിത്സാ സഹായമോ അല്ലെങ്കിൽ വീടിൻ്റെ അറ്റകുറ്റപണികൾ നടത്താനുള്ള സഹായമോ തൊഴിലില്ലെങ്കിൽ അത് ഏർപ്പാട് ചെയ്തു നൽകുവാനോ മുൻകൈ എടുക്കുവാനും വാർഷിക ദിനത്തിൽ തീരുമാനമെടുത്തു.

Advertisment