/sathyam/media/post_attachments/toHr2JcPWptTEqYQrkyj.jpg)
കോഴിക്കോട്:പുത്തൂർ യുപി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് വോളണ്ടിയർമാരായ 45 കുട്ടികളും ഹെഡ് മാസ്റ്റർ സതീശ് സാറും ഹൃദ്യ ടീച്ചറും ധീരജ് മാഷും ശോഭ ടീച്ചറും ഇന്ന് വെസ്റ്റ് ഹിൽ അനാഥ മന്ദിരം സന്ദർശിച്ചു. സാധാരണ പഠന യാത്രകളിൽ നിന്നും വ്യത്യസ്ഥമായി പുവർ ഹോം സൊസൈറ്റിയുടെ കീഴിലുള്ള വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിലേക്കുള്ള യാത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അന്തേവാസികൾക്കും നവ്യാനുഭവം പകരുന്നതായിരുന്നു.
സാമൂഹ്യ ബോധത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അനുഭവ പാഠങ്ങൾ സ്വാംശീകരിച്ച് കൊണ്ടായിരുന്നു അന്തേവാസികളായ അച്ഛനമ്മമാർക്ക് ചെറിയ ഉപഹാരവും സമർപ്പിച്ച് കൊണ്ടുള്ള കുട്ടികളുടെ മടക്കം. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുഞ്ഞുങ്ങൾക്ക് ജീവിതാനുഭവത്തിന്റെ നേർ കാഴ്ചകളെ അനുഭവേദ്യമാക്കിയ ഈ മാതൃക അനുകരണീയമാണെന്ന് പുവർഹോംസ് സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. അവരുടെ അനുഭവ കുറിപ്പിൽ നിന്ന്.
/sathyam/media/post_attachments/f2LwEeutYlT8wtj23Qx5.jpg)
വളരെ ഉത്സാഹത്തോടെയാണ് നമ്മുടെ മക്കൾ യാത്രയ്ക്ക് തയ്യാറായത്. ഒരു ടൂർ പോകുന്ന ഫീൽ അവരുടെ തിളക്കമുള്ള കണ്ണുകളിൽ കാണാൻ സാധിച്ചു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും പലരുടെയും മുഖം വാടി, കണ്ണുകൾ ഈറനണിയാൻ തുടങ്ങി. അവിടെയുള്ള ഓരോരുത്തർക്കും അവരവരുടെ പേരക്കുട്ടികൾ വന്ന പോലെയുള്ള സന്തോഷം.
ഞങ്ങൾ അവർക്ക് അതിഥികൾ അല്ലായിരുന്നു, അരുമ കിടാങ്ങൾ ആയിരുന്നു. തേജസ്സാർന്ന കരങ്ങൾ കൊണ്ടുള്ള സ്പർശനങ്ങൾ ഞങ്ങൾക്ക് ഊർജ്ജവും അനുഗ്രഹവും ആയിരുന്നു. ഒരു പാട്ടു പാടി തരുമോ എന്ന നിഷ്കളങ്ക ചോദ്യത്തിന് ഓ പാടാല്ലോ എന്ന മറുപടി. പിന്നെ പാട്ടും ബഹളവും... അവർക്കും പാടാനും പറയാനും ഒരുപാടുണ്ടായിരുന്നു.
/sathyam/media/post_attachments/zZQN68YxJ2git4uKvGN6.jpg)
പാട്ട് പാടി തന്ന നാരായണി അമ്മയും, വിശാലാക്ഷി അമ്മയും, ശാന്ത അമ്മയും, പൊന്നമ്മച്ചിയും, നൃത്തം ചെയ്ത ശാന്തെച്ചിയും, കഥ പറഞ്ഞു തന്ന രാജേട്ടനും, എല്ലാം അവർക്ക് അത്ഭുതമായിരുന്നു. ഞങ്ങളൊരിക്കലും ഞങ്ങളുടെ വീട്ടുകാരോട് ഇങ്ങനെ ചെയ്യില്ല എന്ന് സത്യം ചെയ്ത് പോരുമ്പോൾ അഭിമാനവും അതിലേറെ സന്തോഷവും തോന്നി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us