തീവണ്ടിയാത്ര സുരക്ഷക്ക്‌ റെയിൽവേ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം ; സി.എ.ആർ.യൂ.എ

New Update

publive-image

കോഴിക്കോട്: തീവണ്ടികളിൽ നടക്കുന്ന അക്രമങ്ങളും പിടിച്ചുപറിയും പ്രതിരോധിക്കാൻ എല്ലാ തീവണ്ടികളിലും വന്ദേഭാരത് ട്രെയിനിലെ മാതൃകയിൽ സിസിടിവികളും, നിലവിൽ മറ്റ് എല്ലാ ട്രെയിനുകളിലും എയർകണ്ടീഷൻ കോച്ചുകളിലെ മാതൃകയിൽ നോൺ എസി കോച്ചുകളിലും ഫയർ എക്സിറ്റിങ്ങ്ക്യൂഷനുകൾ സ്ഥാപിക്കണം എന്ന് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ്. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷോർണൂർ എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

Advertisment

ഈ ആവശ്യം നേരത്തെ അസോസിയേഷൻ റെയിൽവേയുടെ പല വേദികളിലും ഉന്നയിച്ചുവെങ്കിലും റെയിൽവേ അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല . ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഏപ്രിൽ 2ന് നടന്ന അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 6ന് ദേശീയ എക്സിക്യൂട്ടീവ് കോഴിക്കോട് ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. സമഗ്ര സുരക്ഷ ഓഡിറ്റിംഗ് നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടുത്തത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കോവിഡിന്റെ പേരിൽ വർധിപ്പിച്ച നിരക്കുകൾ കുറയ്ക്കുന്നതിനും, കൂടുതൽ യാത്ര സൗകര്യത്തിനും, നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനും, തിരക്കിനനുസരിച്ച് കൂടുതൽ തീവണ്ടികളും, തിരക്കുള്ള വണ്ടികളിൽ കൂടുതൽ കമ്പാർട്ട്മെന്റുകളും ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി - പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ, സോണൽ ഡിവോഷണൽ മാനേജർമാർ, ആർ പി എഫ്, ജി ആർ പി മേധാവികൾ, കേരള മുഖ്യമന്ത്രി റെയിൽവേ ചുമതല വഹിക്കുന്ന കായിക മന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ച് ചർച്ച നടത്തുമെന്ന് അവർ അറിയിച്ചു.

രാത്രികാലങ്ങളിൽ നൈറ്റ് പെട്രോളിങ്ങും ജനറൽ കമ്പാർട്ട്മെന്റ് ഉൾപ്പെടെ ടിക്കറ്റ് പരിശോധനയും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും, പ്രവർത്തനരഹിതമായ ക്യാമറകൾ മാറ്റി സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തീവണ്ടികളിൽ തീപിടുത്തവും മറ്റ് അപകടങ്ങളും സംഭവിക്കുമ്പോൾ യാത്രക്കാർ തീവണ്ടികളിൽ നിന്ന് ചാടുന്നതും, സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ നീങ്ങുന്ന വേളയിൽ ചാടിക്കയറുന്നതും, നിൽക്കുന്നതിനു മുമ്പ് ഇറങ്ങുന്നതും കൂടുതൽ ദുരന്തങ്ങൾക്ക്‌ ഇടവരുത്തും.

ഏപ്രിൽ ഒന്നു മുതൽ കേരളത്തിലെ ഇന്ധന വില വർദ്ധിച്ചത് മൂലം മാഹിയിൽ സ്റ്റോപ്പുള്ള തീവണ്ടികളിൽ യാത്രക്കാർ പെട്രോൾ - ഡീസൽ കൊണ്ടുപോകാതിരിക്കാൻ കർശന പരിശോധന സ്റ്റേഷനിൽ നടത്തണം. തീവണ്ടികളിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ സ്കൂൾ തലങ്ങളിൽ തന്നെ സിലബസിൽ ഉൾപ്പെടുത്തി ബോധവൽക്കരിക്കണം. ആർ പി എഫ്, ജി ആർ പി, ടി ടി ഇ ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്തണം.

വരുമാനം വർദ്ധിപ്പിക്കാൻ റെയിൽവേ കാണിക്കുന്ന ശുഷ്കാന്തി യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതെ മുൻഗണന കൊടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് അപകടം നടന്ന ഉടനെതന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയ റെയിൽവേ, പോലീസ്, ആർപിഎഫ്, കോർപ്പറേഷൻ, സഹയാത്രികർ, തദ്ദേശവാസികൾ, ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും അസോസിയേഷന്റെ പേരിൽ അവർ നന്ദി അറിയിച്ചു. മരണം സംഭവിച്ചതിൽ ദുഃഖവും, അന്തരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനവും അവർ അറിയിച്ചു.

Advertisment