ജലമാർഗ യാത്രികർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണം- മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

കോഴിക്കോട്:ഇരുചക്ര വാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയ മാതൃകയിൽ ജലഗതാഗത യാത്രികർക്കും ലൈഫ്ജാക്കറ്റ് നിർബന്ധമാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ അടിയന്തര യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. ചുരുങ്ങിയ വിലയ്ക്ക് സ്വയം ഊതി വീർപ്പിക്കാവുന്ന ലൈഫ് ജാക്കറ്റ് ഇപ്പോൾ വിപണിയിൽ സുലഭമാണ്.

Advertisment

വിദേശരാജ്യങ്ങളിൽ ലൈഫ് ജാക്കറ്റ് കയറുമ്പോൾ കയ്യിൽ കരുതിയാൽ മാത്രം പോരാ ദേഹത്ത് ധരിച്ചാൽ മാത്രമേ ജലഗതാഗത വാഹനത്തിൽ കയറാൻ അനുവദിക്കു. കടൽത്തീരങ്ങളെല്ലാം സദാ ജാഗ്രത പാലിക്കുന്ന പരിശീലനം ലഭിച്ച ഗാർഡുമാരുടെ നിരീക്ഷണത്തിൽ ആയിരിക്കും.

അടിയന്തരമായി ലൈഫ് ജാക്കറ്റുകൾ ജലഗതാഗത യാത്രികർ കൊണ്ടുവരികയോ, മിതമായ നിരക്കിൽ കടവുകളിൽ (ജെട്ടികളിൽ) വാടകയ്ക്ക് ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി ജലയാത്രക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും നിവേദനം അയക്കാൻ യോഗം തീരുമാനിച്ചു.

എംഡിസി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഒറ്റയ്ക്കും, എംഡിസി അംഗങ്ങളുമായി നടത്തിയ വിദേശ യാത്രകളിലെ ജല യാത്രകളിൽ അവിടുത്തെ അധികാരികൾ കാണിക്കുന്ന സൂക്ഷ്മതയും ശുഷ്കാന്തിയും യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു.

മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയും, പത്തുലക്ഷം രൂപ വീതം ധനസഹായവും ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സ ചിലവും പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയും യോഗം നന്ദി അറിയിച്ചു. സംഭവം അറിഞ്ഞ ഉടനെ ടൂറിസം മന്ത്രിയോടും, കായിക മന്ത്രിയോടും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശിച്ച് എത്രയും വേഗം സംഭവസ്ഥലത്ത് എത്തിച്ചേർന്ന മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ജനപ്രതിനിധികൾ എല്ലാവരെയും യോഗം നന്ദി അറിയിച്ചു.

സർവ്വോപരി സംഭവം അറിഞ്ഞ ഉടനെ ഏറെ പരിമിതികൾ ഉണ്ടായിട്ടും കൈ മെയ് മറന്ന് രക്ഷാപ്രവർത്തനം നടത്തിയ തദ്ദേശവാസികൾ, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യ പ്രവർത്തകർ, ജില്ലാ ഭരണകൂടം, ഭരണ - പ്രതിപക്ഷ ജനപ്രതിനിധികൾ എന്നിവരുടെ ഏകോപിച്ചിട്ടുള്ള പ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ഭാരവാഹികളായ ആർ ജയന്തകുമാർ, പ്രൊഫസർ ഫിലിപ് കെ ആന്റണി, അഡ്വക്കറ്റ് വിക്ടർ ആന്റണി നൂൺ, പി ഐ അജയൻ, ബേബി കിഴക്കേഭാഗം, കുന്നോത്ത് അബൂബക്കർ, എന്നിവർ പങ്കെടുത്തു. ജോസി വി ചുങ്കത്ത് സ്വാഗതവും സി സി മനോജ് നന്ദിയും രേഖപ്പെടുത്തി. നേരത്തെ താനൂരിലെ ബോട്ട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.

Advertisment