എസ്എന്‍ഡിപി യോഗം കോഴിക്കോട് യുണിയന്‍ ശതാബ്ദി സ്മാരക ആശ്രമകെട്ടിടത്തിന്റെ ഉദ്ഘാടനവും ഗുരുദേവന്റെ വെള്ളി വിഗ്രഹ പ്രതിഷ്ഠയും മെയ് 14 ന്; ശിവഗിരിമഠം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഗുരുദേവ പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കും

New Update

publive-image

കോഴിക്കോട്: ശ്രീനാരായണഗുരുദേവ ശിഷ്യനും നിഗ്രഹാനുഗ്രഹ ശക്തികളോടു കൂടിയ മഹാ സിദ്ധനും വൈദ്യം, വൈദീകം, വാസ്തുവിദ്യ എന്നീ ശാസ്ത്രങ്ങളിൽ അസാധാരണ പണ്ഡിതനും ആയിരുന്ന ശ്രീനാരായണ ചൈതന്യ സ്വാമികൾ 1918ൽ സ്ഥാപിച്ചതാണ് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണഗുരുവ രാശ്രമം.

Advertisment

ഗുരുദേവന്റെ പാദസ്പർശം കൊണ്ട് ധന്യമായ ആശ്രമത്തിൽ ചൈതന്യ സ്വാമികളുടെ നേതൃത്വത്തിൽ ജാതിമതഭേദമന്യേ ഗുരുദർശന പ്രചരണത്തിനും ഈ നാടിൻ്റെ സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ മുന്നേറ്റത്തിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായിട്ടുണ്ട്.

2007 ൽ യൂണിയന്റെ സാരഥ്യം ഏറ്റെടുത്ത നിലവിലുള്ള ഭരണസമിതി ആശ്രമത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ എന്‍ഐഒഎസ് അംഗീകാരമുള്ള എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്കൂൾ ആരംഭിക്കുകയും സ്കൂളിന് വേണ്ടി മനോഹരമായ കെട്ടിടം നിർമ്മിക്കുകയുമുണ്ടായിട്ടുണ്ട്.

publive-image

2018 ൽ ഗുരുവരാശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മിസോറാം ഗവർണറായിരുന്ന പി എസ് ശ്രീധരൻ പിള്ളയായിരുന്നു. കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ശതാബ്ദിയുടെ ഭാഗമായി വിപുലമായ മറ്റു പരിപാടികളൊന്നും നടത്തുവാൻ സാധിച്ചിട്ടില്ല. ശതാബ്ദി സ്മാരകമായി നിർമിച്ച പുതിയ ആശ്രമകെട്ടിടത്തിന്റെ ഉദ്ഘാടനവും ഗുരുദേവന്റെ വെള്ളി വിഗ്രഹ പ്രതിഷ്ഠയുമാണ് മെയ് 14 ന് നടത്തുന്നത്.

ഗുരുദേവന്റെ വെള്ളി വിഗ്രഹം കേരളത്തിൽ ആദ്യമായാണ് പ്രതിഷ്ഠിക്കുന്നത്. ഗുരുദേവ പ്രതിഷ്ഠക്ക് പുറമേ ശാരദാ ദേവിയുടെയും ചൈതന്യ സ്വാമികളെയും വിഗ്രഹങ്ങളും ആശ്രമത്തിൽ പ്രതിഷ്ഠിക്കുന്നുണ്ട്. ശിവഗിരി ശാരദാദേവി പ്രതിഷ്ഠ മലബാറിൽ ആദ്യത്തേതും ചൈതന്യ സ്വാമി പ്രതിഷ്ഠ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിലെ സ്വാമികളുടെ സമാധി മന്ദിരത്തിലേത് കഴിഞ്ഞാൽ ഇവിടെ മാത്രമേ ഉള്ളൂ എന്നതും ഇവിടുത്തെ സവിശേഷതയാണ്.

ഗുരുവരാശ്രമം ശ്രീനാരായണീയരുടെ മലബാറിലെ തീർത്ഥാടനകേന്ദ്രമായി മാറ്റുന്നതിനുള്ള പദ്ധതികളാണ് യൂണിയൻ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രതിഷ്ഠയ്ക്ക് ശേഷം എല്ലാ വർഷവും മെയ് മാസത്തിലെ ചതയ ദിനത്തോടനുബന്ധിച്ച് പ്രതിഷ്ഠാദിന വൈദിക ചടങ്ങുകൾക്ക് പുറമേ ശിവഗിരി തീർത്ഥാടന വേളയിൽ നടക്കുന്നതുപോലെ സമൂഹത്തിൻ്റെ ആദ്ധ്യാത്മികവും ഭൗതീകവുമായ പുരോഗതിക്കായി ഗുരുദേവ കൽപിതമായ 8 വിഷയങ്ങളെയും ഗുരുദേവന്റെ ജീവിതത്തെയും ഏക ലോക ദർശനത്തെയും അധികരിച്ച് അതാത് വിഷയങ്ങളിലെ വിജ്ഞന്മാരാൽ നയിക്കപ്പെടുന്നതായ , പഠന ക്ലാസ്സുകളോടെ ശ്രീനാരായണ ഗുരുദേവ പഠനശിബിരം അതിവിപുലമായി വർഷംതോറും നടത്തണം എന്നാണ് യൂണിയൻ തീരുമാനിച്ചിട്ടുള്ളത്.

publive-image

ഈ പാവനമായ ഭക്തിയും ജ്ഞാനവും സമന്വയിക്കുന്ന യജ്ഞത്തിൽ, പങ്കെടുക്കുന്നതിനായ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശ്രമത്തിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള സംവിധാനങ്ങളും അന്നദാന മണ്ഡപവും ഉടനെ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

ഗുരുദേവ പ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കുന്നത് ശിവഗിരിമഠം അദ്ധ്യക്ഷൻ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളാണ്. ശിവഗിരി മഠം അധ്യക്ഷനായതിനു ശേഷം ആദ്യമായി കോഴിക്കോട് സന്ദർശിക്കുന്ന സ്വാമികളെ മെയ് 14 നു രാവിലെ 8 മണിക്ക് പൂർണകുംഭം നൽകി സ്വീകരിക്കുന്നതാണ്.

മെയ് 14 ന് രാവിലെ 9 .05 നും 9 .45 നും മധ്യേയാണ് പ്രതിഷ്ഠാകർമ്മം നടത്തുന്നത്. വൈദിക ക്രിയകൾക്ക് നേതൃത്വം നൽകുന്നത് ശിവഗിരി മഠത്തിലെ വൈദിക ആചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയും സന്യാസി ശ്രേഷ്ഠൻമാരുമാണ്.

ഗുരുമന്ദിര സമർപ്പണം നടത്തുന്നത് എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയാണ്. സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം കോഴിക്കോട് എംപി എം കെ രാഘവൻ നിർവ്വഹിക്കും.

ശ്രീ ശാരദ ദേവി മണ്ഡപം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും ശ്രീനാരായണ ചൈതന്യ സ്വാമി മണ്ഡപം മാതൃഭൂമി മാനേജിങ് എഡിറ്റർ പി വിചന്ദ്രനും സമർപ്പിക്കും. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് വിജയലാൽ നെടുങ്കണ്ടം എന്നിവർ മുഖ്യപ്രഭാഷണം നടത്തും .

കണ്ണൂർ സുന്ദരേശ്വര ക്ഷേത്രo സെക്രട്ടറി പവിത്രൻ, തലശ്ശേരി ജഗന്നാഥ ക്ഷേത്രം പ്രസിഡൻറ് അഡ്വ.സത്യൻ, പയ്യന്നൂർ ആനന്ദതീർത്ഥ സ്വാമി ട്രസ്റ്റ് പ്രസിഡണ്ട് വസുമിത്രൻ എൻജിനീയർ, വാർഡിനെ പ്രതിനിധീകരിക്കുന്ന കോർപ്പറേഷൻ കൗൺസിലർ കെ മഹേഷ് മറ്റു കൗൺസിലർമാരായ എൻ ശിവപ്രസാദ്, നവ്യ ഹരിദാസ്, സി എസ് സത്യഭാമ കോഴിക്കോട് ജില്ലയിലെ എസ്എന്‍ഡിപി യൂണിയൻ ഭാരവാഹികൾ എന്നിവർ ആശംസാ പ്രസംഗം നടത്തും.

ദീർഘകാലമായി തമിഴ്നാട്ടിലെ പ്രശസ്ത ആദ്ധ്യാത്മിക കേന്ദ്രമായ പഴനിയിലെ ശ്രീനാരായണ ധർമ്മ ആശ്രമത്തിന്റ സെക്രട്ടറിയായി പ്രവർത്തിക്കുന്ന മുതിർന്ന ശ്രീ നാരായണീയനായ കെ കുഞ്ഞിരാമൻ, ഗുരു വരാശ്രമ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാസ്തുശിൽപ്പി മൊകവൂർ മുരളീധരൻ ആചാരി, ജയൻ ബിലാത്തിക്കുളം എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കും.

ഷനൂപ് താമരക്കുളം (യൂണിയൻ പ്രസിഡന്റ്), സുധീഷ് കേശവപുരി (യൂണിയൻ സെക്രട്ടറി), അഡ്വ.എം.രാജൻ (മീഡിയ കൺവീനർ), രാജീവ് കുഴിപ്പള്ളി (യൂണിയൻ വൈസ് പ്രസിഡന്റ്), കെ.ബിനു കുമാർ (യോഗo ഡയറക്ടർ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment