/sathyam/media/post_attachments/7DAIwDSk2QyTaywoooH9.jpg)
കോഴിക്കോട്: അടുത്ത ദിവസങ്ങളിൽ ശനി, ഞായർ, തിങ്കൾ (മെയ് 20,21,22) തീയതികളിൽ പരശുറാം, ഗരീബ് രഥ്, രാജാറാണി, അമൃത ഉൾപ്പെടെ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന തീവണ്ടികൾ പൂർണമായും, മറ്റുപല തീവണ്ടികളും ഭാഗികമായി റദ്ദ് ചെയ്യുന്നതും, വഴിതിരിച്ചുവിടുന്നതും, സമയം മാറ്റവും മൂലം രൂക്ഷമായ യാത്രാ പ്രതിസന്ധിക്ക് ഇടവരുത്തും.
ഇതിന് അടിയന്തര ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിന് കേരളത്തിന്റെ റെയിൽവേ ചുമതല വഹിക്കുന്ന കായിക മന്ത്രി വി അബ്ദുറഹ്മാൻ പാലക്കാട് - തിരുവനന്തപുരം ഡിവിഷൻ റെയിൽവേ ഉദ്യോഗസ്ഥരുടെയും, കെ എസ് ആർ ടി സി മേധാവികളെയും, ടൂറിസ്റ്റ് ബസ് ഉടമകളെയും അടിയന്തര യോഗം വിളിച്ചു ചേർത്ത് കടലുണ്ടി മാതൃകയിൽ ബദൽ സംവിധാനം ഏർപ്പെടുത്തണം.
ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രത്യേക അനുമതി നൽകി സ്കൂൾ ബസുകൾ പ്രയോജനപ്പെടുത്തി ഫലപ്രദമായ നടപടികൾ ആവിഷ്കരിച്ച് തീവണ്ടി യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റുമായ ഷെവലിയർ സി ഇ ചാക്കുണ്ണി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, റെയിൽവേ ചുമതല വഹിക്കുന്ന കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി, പാസഞ്ചർ അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്, പാലക്കാട് തിരുവനന്തപുരം ഡിവോഷണൽ റെയിൽവേ മാനേജർമാർ എന്നിവർക്ക് ഈമെയിൽ വഴി നിവേദനം അയച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ 20/02/2023ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും നിവേദനം അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് അന്നേദിവസം തന്നെ നിർദേശം നൽകിയതായി മറുപടി ലഭിച്ചുവെങ്കിലും ഫലപ്രദമായ നടപടികൾ നാളിതുവരെ എടുത്തതായി അറിയുന്നില്ല.
റെയിൽ പാളങ്ങളിലെ അറ്റകുറ്റപ്പണികൾ സുരക്ഷയ്ക്കും, തീവണ്ടികളുടെ വേഗത വർദ്ധിപ്പിക്കുന്നതിനും അനിവാര്യമാണെങ്കിലും യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ബാധ്യത റെയിൽവേക്കും ഗതാഗത വകുപ്പിനും ഉണ്ട് എന്നെ കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us