`തോല്‍ക്കാന്‍ മനസ്സില്ലാതെ' കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പ്രകാശനം ചെയ്യും; സംരംഭകര്‍ക്ക്‌ വഴികാട്ടിയാകാന്‍ ചാക്കുണ്ണിയുടെ ആത്മകഥ

New Update

publive-image

കോഴിക്കോട്‌:പുതുസംരംഭകര്‍ക്ക്‌ മികവിന്റെ പാഠപുസ്‌തകമാണ്‌ ഷെവ. സി.ഇ. ചാക്കുണ്ണിയുടെ ജീവിതം. കഠിനവും തീഷ്‌ണവുമായ ജീവിത വഴികളിലൂടെ സഞ്ചരിച്ചാണ്‌ ചാക്കുണ്ണി വ്യാപാര - വ്യവസായ ലോകത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ചത്‌. തോറ്റുപോകുമായിരുന്ന ഇടങ്ങളില്‍ നിന്നെല്ലാം നിശ്‌ചയദാര്‍ഢ്യത്തോടെ ഉയിര്‍ത്തെഴുന്നേറ്റ്‌ കുതിപ്പു തുടര്‍ന്ന ചാക്കുണ്ണി ഇന്ന്‌ മലബാറിന്റെ വികസന പ്രവർത്തനങ്ങൾ ഈ 80-ാം വയസ്സിലും തുടർന്നു വരുന്നു.

Advertisment

അതുകൊണ്ട്‌ തന്നെയാണ്‌ ചാക്കുണ്ണിയുടെ ജീവിതം പറയുന്ന പുസ്‌തകത്തിന്‌ `തോല്‍ക്കാന്‍ മനസ്സില്ലാതെ' എന്ന പേര്‌ അന്വര്‍ത്ഥമാകുന്നതും. മാതൃഭൂമി ബുക്ക്‌സ്‌ പ്രസിദ്ധീകരിക്കുന്ന ഈ പുസ്‌തകം മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 09 ഞായർ വൈകീട്ട്‌ നാലിന്‌ കോഴിക്കോട്‌ പുതിയറ എസ്‌.കെ. പൊറ്റെക്കാട്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പ്രകാശനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആദ്യപ്രതി ഏറ്റുവാങ്ങും.

1960ൽ കോഴിക്കോട്‌ മൊയ്തീൻ പള്ളി റോഡിൽ ബന്ധുവിന്റെ വിജയ ട്രെഡേഴ്‌സ് എന്ന സ്റ്റേഷനറി കടയിൽ സെയില്‍സ്‌മാനായാണ്‌ ചാക്കുണ്ണിയുടെ വ്യാപാര മേഖലയിലെ എളിയ തുടക്കം. 1965ൽ സഹോദരൻ സി.ഇ. പാവുണ്ണിയും, പി.ഐ. ചാക്കോയും പാർട്ണർമാരായുള്ള കടയിൽ വർക്കിംഗ് പാർട്ണറായും പ്രവർത്തിച്ചു.

1968ൽ മിഠായിത്തെരുവിൽ സ്വന്തം ഉടമസ്ഥതയിൽ ചാക്കുണ്ണി ആൻഡ് കമ്പനി എന്ന സ്ഥാപനം ആരംഭിച്ചു. 1976ൽ മനോജ് ഏജൻസിസ് എന്ന മൊത്ത മരുന്നുവിതരണ സ്ഥാപനവും, അതേവർഷം മനോജ് ട്രാവൽസ് എന്ന ട്രാൻസ്പോർട്ട് സർവീസും ആരംഭിച്ചു. നിശ്‌ചയദാര്‍ഢ്യത്തിലൂന്നിയ കുതിപ്പില്‍ ചാക്കുണ്ണിയെ ഇന്ന്‌ ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുക്കി നിര്‍ത്താന്‍ സാധ്യമല്ല. വ്യവസായ പ്രമുഖനായ ചാക്കുണ്ണിയുടെ വിജയ ജീവിതം, മലബാര്‍ മേഖലയുടെ വികസന കുതിപ്പിനെ കൂടി അടയാളപ്പെടുത്തുന്നതാണ്‌.

സ്‌റ്റാര്‍ട്ട്‌ അപ്പ്‌ അടക്കമുള്ള നവസംരംഭക കൂട്ടായ്‌മകള്‍ അനുദിനം രൂപംകൊള്ളുന്ന സാഹചര്യത്തില്‍ ചാക്കുണ്ണിയുടെ ജീവിത വഴികള്‍ പുതുവ്യവസായ സംരംഭകര്‍ക്ക്‌ മാര്‍ഗദീപമായി മാറുമെന്നതില്‍ സംശയമില്ല. അതുകൊണ്ട്‌ കൂടിയാണ്‌ തന്റെ ജീവിതം പുസ്‌തകത്തിലുടെ അടയാളപ്പെടുത്താന്‍ ചാക്കുണ്ണി തയ്യാറായതും.

പുസ്‌തക പ്രകാശന ചടങ്ങില്‍ കായികവകുപ്പ്‌ മന്ത്രി വി.അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ഡോക്ടർ എം.കെ. മുനീർ എം.എൽ.എ, മുന്‍ എം.പി. എം.വി.ശ്രേയാംസ്‌ കുമാര്‍, മാതൃഭൂമി ചെയർമാൻ & മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ, സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സാം കുരുവിള, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, സിറ്റി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എം. ഐ. അഷറഫ് എന്നിവർ പങ്കെടുക്കും. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ പുസ്‌തകപരിചയം നടത്തും.

Advertisment