കുവൈത്തിൽ പരീക്ഷകളിൽ കോപ്പിയടിക്കുന്നതിന് എതിരെ വെള്ളിയാഴ്ച ഖുതുബകളിൽ ഉദ്ബോധനം നൽകാൻ നിർദേശം

New Update

publive-image

കുവൈത്ത് സിറ്റി : കുവൈത്തിൽ പരീക്ഷകളിൽ കോപ്പിയടിക്കുന്നതിന് എതിരെ വെള്ളിയാഴ്ച ഖുതുബകളിൽ ഉദ്ബോധനം നടത്തുവാൻ പള്ളികളിലെ ഖത്തീബുമാർക്ക് നിർദേശം നൽകി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് കോപ്പിയടി പ്രവണതക്ക് എതിരെ 'വ്യക്തികളെയും സമൂഹത്തെയും വഞ്ചിക്കുന്ന വിപത്ത്' എന്ന പേരിൽ മത കാര്യ മന്ത്രാലയം നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നടപടി.

Advertisment

ഇതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക മത കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽ ഖാസി ഖതീബുമാർക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ''വഞ്ചകർ നമ്മിൽ പെട്ടവനല്ല" എന്ന പ്രവാചക വചനത്തിന്റെ ആന്തരികാർത്ഥങ്ങൾ വിശദീകരിച്ചു കൊണ്ട് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടു കൊണ്ട് ആയിരിക്കണം പ്രസംഗം എന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.

ഏത് രീതിയിലുമുള്ള വഞ്ചനകളും പ്രവാചക പാഠങ്ങൾക്ക് വിരുദ്ധവും അത് നാശത്തിലേക്കും നരകത്തിലേക്കും നയിക്കുകയും ചെയ്യുന്ന തിന്മയുമാണ്. വ്യാപാരം, വ്യവസായം, തെരഞ്ഞെടുപ്പുകൾ, പരീക്ഷകൾ മുതലായ വിവിധ പ്രവർത്തികളിൽ കൃതിമം നടത്തി ലഭിക്കുന്ന നേട്ടങ്ങൾ കൊടും പാപമാണെന്നതിന് പുറമെ സമൂഹത്തെ നശീകരണത്തിലേക്ക് നയിക്കുന്ന വിപത്ത് ആണ്.

ഇതേ പോലെ പരീക്ഷകളിൽ കോപ്പിയടിച്ചു നേടുന്ന വിജയം രാജ്യത്തെ പഠന സമ്പ്രദായത്തെ അട്ടിമറിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള നഗ്നമായ ആക്രമണവുമാണ്. മാത്രവുമല്ല രാപ്പകൽ ഭേദമന്യേ പഠനത്തിൽ മുഴുകി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളോട് കാട്ടുന്ന അനീതിയും അതിക്രമവുമാണ് കോപ്പിയടിച്ച് നേടുന്ന വിജയം എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

Advertisment