കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ അഭിപ്രായം ശേഖരിക്കുന്നതിനായി പുതിയ സംവിധാനം ആരംഭിച്ചു. വിമാനത്താവളത്തിലെ സേവനങ്ങളില്‍ യാത്രക്കാര്‍ എത്രത്തോളം സംതൃപ്തരാണെന്ന് മനസിലാക്കാനാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്ന് സിവിൽ വ്യോമയാന ഡെപ്യൂട്ടി ഡയറക്ടര്‍ ജനറൽ സാലിഹ് അൽ ഫദാഗി വ്യക്തമാക്കി.
യാത്രക്കാരുടെ അഭിപ്രായം വിലയിരുത്തി, സേവനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനതാവളത്തിലെ ഇടനാഴിയിൽ തൂക്കിയിട്ടിരിക്കുന്ന, 'ബാർകോഡ്' ഉൾപ്പെടുത്തി കൊണ്ട് തയ്യാറാക്കിയ ബ്രോഷർ വഴിയാണു യാത്രക്കാരും സന്ദർശ്ശകരും സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.
യാത്രക്കാരന്റെ വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടുത്തി നിയുക്ത ഇലക്ട്രോണിക് പേജിൽ പ്രവേശിച്ച് കൊണ്ട് വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും പരാതികളും സമര്‍പ്പിക്കാം. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സാലിഹ് അൽ ഫദാഗി പറഞ്ഞു. ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിനായി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.